ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തി വീതംവെയ്ക്കലാണ് പതിവ്, പട്ടിക കുറ്റമറ്റത്, വിമര്‍ശനം സ്വാഭാവികം; ആരോപണം നിഷേധിച്ച് കെ സുധാകരന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th August 2021 11:40 AM  |  

Last Updated: 29th August 2021 11:40 AM  |   A+A-   |  

CONGRESS POLITICS

കെ സുധാകരന്‍ മാധ്യമങ്ങളോട്

 

ന്യൂഡല്‍ഹി: ഡിസിസി പട്ടികയില്‍ വേണ്ടത്ര ചര്‍ച്ച നടന്നില്ലെന്ന മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വിശാല അടിസ്ഥാനത്തില്‍ ചര്‍ച്ച നടന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. തീരുമാനം നൂറ് ശതമാനം ശരിയാണ് എന്നോന്നും അവകാശപ്പെടുന്നില്ല. പോരായ്മകള്‍ പരിഹരിക്കുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍  സ്വാഭാവികം. എന്നിട്ടും ഇത്രയും വിമര്‍ശനം മാത്രമേ ഉണ്ടായിട്ടുള്ളു. മെറിറ്റ് പരിശോധിക്കണം. ഡിസിസി പട്ടികയില്‍ വേണ്ടത്ര ചര്‍ച്ച നടന്നില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം  വാസ്തവവിരുദ്ധം. വിശാല അടിസ്ഥാനത്തില്‍ ചര്‍ച്ച നടന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രണ്ടു തവണ ചര്‍ച്ച നടത്തി. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉമ്മന്‍ ചാണ്ടി നല്‍കിയ പേരുകള്‍ ഡയറിയില്‍ കുറിച്ചിരിക്കുന്നത് സുധാകരന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാണിച്ചു.

ഇത്രയുകാലം ഗ്രൂപ്പ് മാത്രമാണ് പരിഗണിക്കപ്പെട്ടിരുന്നത്. രണ്ടു ഗ്രൂപ്പുകള്‍ നല്‍കുന്ന പേരുകളാണ് പരിഗണിച്ചിരുന്നത്. ഇതിന് മുന്‍പ് നിരവധി തവണ പുനഃ സംഘടന നടന്നിട്ടുണ്ട്. അപ്പോഴെല്ലാം ഗ്രൂപ്പുകള്‍ നല്‍കുന്ന പേരുകളാണ് പരിഗണിച്ചത്. ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തി വീതംവെയ്ക്കലാണ് പതിവ്. താന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ആയിരുന്ന സമയത്ത് തന്നോട് ചര്‍ച്ച നടത്താതെ സ്ഥാനാര്‍ത്ഥികളെയും ഭാരവാഹികളെയും തീരുമാനിച്ച് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കുകയാണ് ഉണ്ടായത്. പണ്ട് സ്ഥാനാര്‍ഥി പട്ടികയിലും ഭാരവാഹി പട്ടികയിലും ആരോടൊക്കെ ഇവര്‍ ചര്‍ച്ച നടത്തിയെന്നും സുധാകരന്‍ ചോദിച്ചു.