'എന്റെ മരണത്തിന് ഉത്തരവാദി സുഹൃത്ത്', ഭർതൃവീട്ടിൽ തൂങ്ങി മരിച്ച യുവതിയുടെ ആത്മഹത്യാ കുറിപ്പ്; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th August 2021 08:41 AM  |  

Last Updated: 29th August 2021 08:41 AM  |   A+A-   |  

Man arrested

പ്രതീകാത്മക ചിത്രം

 

പാലക്കാട്; ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. പുല്ലുണ്ടശ്ശേരി കാവിൽപാടം രാജേഷിന്റെ ഭാര്യ ആതിരയുടെ (27) മരണത്തിലാണ് സുഹൃത്തായ കല്ലുവഴി വാളക്കോട്ടിൽ  ശരത് (27) അറസ്റ്റിലായത്. യുവതിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതാണ് വഴിത്തിരിവായത്.

കഴിഞ്ഞ 26നാണ്  കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ആതിരയെ കണ്ടെത്തിയത്. ആതിരയും ശരത്തും സ്കൂളിലെ സഹപാഠികളായിരുന്നു. ഈ സൗഹൃദം മുതലെടുത്ത് ആതിരയുടെ ആറര പവൻ സ്വർണം ശരത് പണയം വയ്ക്കാൻ വാങ്ങിയിരുന്നു. ഇതു തിരിച്ചു കൊടുത്തില്ല.  തന്റെ മരണത്തിന് ഉത്തരവാദി ശരത് ആണെന്ന് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നതായി പൊലീസ് പറഞ്ഞു. 

ബൈക്കിൽ യാത്ര ചെയ്തു മാലപൊട്ടിക്കൽ നടത്തിയത് ഉൾപ്പെടെ ഒട്ടേറെ മോഷണക്കേസുകൾ ശരത്തിന്റെ പേരിൽ വിവിധ ജില്ലകളിലായി ഉണ്ട്. ശ്രീകൃഷ്ണപുരം എസ്ഐ കെ.വി. സുധീഷ് കുമാറും സംഘവും ആണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് കേസ്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.