ഗോപിനാഥിന്റെ തീരുമാനം കാലോചിതം; കൂടുതൽ പ്രവർത്തകർ കോൺ​​ഗ്രസ് വിടും; സിപിഎം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th August 2021 07:47 PM  |  

Last Updated: 30th August 2021 07:47 PM  |   A+A-   |  

av_gopinath

ഗോപിനാഥ്

 

പാലക്കാട്: കോൺഗ്രസ് വിടാനുളള പാലക്കാട് മുൻ ഡിസിസി പ്രസിഡന്റ് എവി ഗോപിനാഥിന്റെ തീരുമാനം കാലോചിതമെന്ന്  സിപിഎം. പിഴവുകൾ ചൂണ്ടിക്കാണിച്ചതാണ് ഗോപിനാഥ് പാർട്ടിക്ക് അനഭിമതനാകാൻ കാരണം. ഗോപിനാഥിന് പിന്നാലെ കൂടുതൽ പ്രവർത്തകർ കോൺഗ്രസ് വിടുമെന്നും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി പ്രതികരിച്ചു. 

അതേസമയം എവി ഗോപിനാഥ്, പിഎസ് പ്രശാന്ത്, ഫിൽസൺ മാത്യൂസ് തുടങ്ങിയ അതൃപ്തർ ഇടതു കേന്ദ്രങ്ങളുമായി ചർച്ച നടത്തിയെന്ന അഭ്യൂഹങ്ങളോട് സിപിഎം പ്രതികരിച്ചിട്ടില്ല. പ്രാദേശിക തലത്തിൽ എന്തെങ്കിലും ചർച്ചകൾ നടക്കുന്നുണ്ടോയെന്ന് അറിയില്ലെന്നാണ് മുതിർന്ന സിപിഎം നേതാക്കൾ പറയുന്നത്. ഗോപിനാഥ് രാഷ്ട്രീയനിലപാട് ആദ്യം പറയട്ടെയെന്ന് എകെ ബാലൻ പ്രതികരിച്ചു.

പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു രാജിവെച്ചതായി എവി ഗോപിനാഥ് വാർത്താ സമ്മേളനത്തിലാണ് വ്യക്തമാക്കിയത്. മറ്റേതെങ്കിലും പാർട്ടിയിലേക്ക് പോകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. സ്വാതന്ത്ര്യ സമരസേനാനികളുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള കോൺഗ്രസ് തങ്ങളടക്കമുള്ള പ്രവർത്തകരുടെ സ്വപ്‌നമായിരുന്നുവെന്ന് ഗോപിനാഥ് പറഞ്ഞു. കോൺഗ്രസിന് വേണ്ടിയാണ് തന്റെ ജീവിതം ഉഴിഞ്ഞുവെച്ചത്. എന്നാൽ മനസിനെ തളർത്തുന്ന സംഭവങ്ങളാണ് ആവർത്തിക്കുന്നത്. 

പലതവണ ഈ ബന്ധം അവസാനിപ്പിക്കാൻ മനസ് മന്ത്രിച്ചിരുന്നു. ഇപ്പോൾ 50 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയാണ്. കോൺഗ്രസ് എന്ന മഹാപ്രസ്ഥാനം ഇനിയും മുന്നോട്ടു പോകണമെന്ന് ആഗ്രഹിക്കുന്നയാളാണ് താൻ. പാർട്ടിയുടെ മുന്നോട്ടുള്ള പോക്കിന് തടസമാകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.