ദൈവസ്‌നേഹം വര്‍ണിച്ചീടാന്‍ വാക്കുകള്‍ പോരാ; അഭിനന്ദിക്കാന്‍ എത്തിയ ആരോഗ്യമന്ത്രിക്കു മുന്നില്‍ പാട്ടു പാടി പുഷ്പലത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th August 2021 04:19 PM  |  

Last Updated: 30th August 2021 04:19 PM  |   A+A-   |  

veena pushpalatha

വീണാ ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം

 


പത്തനംതിട്ട: ഏഴര മണിക്കൂറില്‍ 893 പേര്‍ക്കു വാക്‌സിന്‍ നല്‍കിയ നഴ്‌സിനെ നേരില്‍ കണ്ട് അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് പുഷ്പലതയെ അഭിനന്ദിക്കാനാണ് മന്ത്രി എത്തിയത്. 

ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ നല്ലൊരു ടീംവര്‍ക്ക് നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. കുറിപ്പില്‍നിന്ന്്: ''ജെ.എച്ച്.ഐ.മാരായ വിനീത്, ശ്രീരാജ്, ശ്രീദേവി, സ്റ്റാഫ് നഴ്‌സ് രമ്യ, അനിമോള്‍ എന്നിവരാണ് ടീമിലുള്ളത്. അവരേയും അഭിനന്ദിച്ചു.

വളരെ കഷ്ടപ്പെട്ടാണ് തനിക്കീ ജോലി കിട്ടിയതെന്ന് പുഷ്പലത പറഞ്ഞു. ഗായികയായ താന്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ പിന്തുണയോടെയാണ് നഴ്‌സാകാന്‍ പഠിച്ചത്. ജോലി കിട്ടി കഴിഞ്ഞും ആ ഒരു ആത്മാര്‍ത്ഥത തുടരുന്നു. ഈ ജോലിയോടൊപ്പം തന്നെ വാര്‍ഡുതല ജോലികളും മുടക്കമില്ലാതെ കൊണ്ടുപോകുന്നു. ജോലി കിട്ടാന്‍ മാത്രമല്ല ജോലി ചെയ്യാനും മനസുണ്ടാകണമെന്നും പുഷ്പലത വ്യക്തമാക്കി.
ഇതോടൊപ്പം പുഷ്പലത ഒരു ഗാനവും പാടി.
'ദൈവസ്‌നേഹം വര്‍ണിച്ചീടാന്‍ വാക്കുകള്‍ പോരാ
നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്‌നേഹമോര്‍ത്താല്‍
എത്ര സ്തുതിച്ചാലും മതി വരുമോ?'
ഇത്രയും പാടുമ്പോള്‍ പുഷ്പലതയുടെ കണ്ണുനിറഞ്ഞു. അപ്പോഴേയ്ക്കും നിറയെ കൈയ്യടിയും അഭിനന്ദനങ്ങളും ഉയര്‍ന്നിരുന്നു.

പേരറിയാത്ത മുഖമറിയാത്ത ആരുമറിയാതെ കഷ്ടപ്പെടുന്ന ഒരുപാട് ആരോഗ്യ പ്രവര്‍ത്തകരാണ് ആരോഗ്യ വകുപ്പിനുള്ളത്. അവരാണ് നമ്മുടെ സിസ്റ്റത്തെ മുന്നോട്ട് നയിക്കുന്നത്. അവര്‍ക്കെല്ലാമുള്ള ആദരവാണിത്.''