ഹൈക്കമാൻഡിനെ വെല്ലുവിളിയ്ക്കുന്നു; പിഎസ് പ്രശാന്തിനെ കോൺ​ഗ്രസ് പുറത്താക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th August 2021 08:15 PM  |  

Last Updated: 30th August 2021 08:15 PM  |   A+A-   |  

prasanth

പിഎസ് പ്രശാന്ത്/ ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെയടക്കം ​ഗുരുതര ആരോപണങ്ങളുന്നയിച്ച് രം​ഗത്തെത്തിയ കെപിസിസി സെക്രട്ടറി കൂടിയായ പിഎസ് പ്രശാന്തിനെ കോൺ​ഗ്രസ് പുറത്താക്കി. സസ്പെൻഡ് ചെയ്തിട്ടും ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനാണ് നടപടി. 

നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് യുഎഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു പ്രശാന്ത്. നാളെ രാജി പ്രഖ്യാപിക്കാനിരിക്കെയാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. നടപടി പ്രതീക്ഷിച്ചതാണെന്ന് പ്രശാന്ത് പ്രതികരിച്ചു. 

സസ്പെൻഡ് ചെയ്തിട്ടും തെറ്റുതിരുത്താതെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിനാണ് പ്രശാന്തിനെതിരെ കടുത്ത നടപടിയെടുത്തതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കി. ഹൈക്കമാൻഡിനെ പ്രശാന്ത് വെല്ലുവിളിച്ചെന്നും സുധാകരൻ പറഞ്ഞു. പാർട്ടിയേയും നേതാക്കളേയും അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. 

കേരളത്തിലെ കോൺഗ്രസിന്റെ പ്രതിസന്ധിക്ക് കാരണം എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണെന്നു കുറ്റപ്പെടുത്തി പ്രശാന്ത്  രാഹുൽ ഗാന്ധിക്ക് കത്തയിച്ചിരുന്നു. കോൺഗ്രസിലെ ബിജെപി ഏജന്റാണ് വേണുഗോപാലെന്നും രാഹുൽ ഗാന്ധിക്ക് ഇ മെയിൽ മുഖേന അയച്ച കത്തിൽ പ്രശാന്ത് കുറ്റപ്പെടുത്തിയിരുന്നു.  

കെസി വേണുഗോപാലിന്റെ പ്രവർത്തനങ്ങൾ സംശയകരമാണ്. വേണുഗോപാൽ സ്വീകരിച്ച നടപടികളാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസിനെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്. വേണുഗോപാൽ ബിജെപിയുടെ ഏജന്റ് ആണോയെന്നു സംശയമുണ്ടെന്നും പ്രശാന്ത് കത്തിൽ പറയുന്നു. 

ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തെച്ചൊല്ലി സംസ്ഥാന കോൺഗ്രസിൽ കലഹം മൂർഛിച്ച ഘട്ടത്തിലാണ്, കെസി വേണുഗോപാലിനെ പരസ്യമായി കുറ്റപ്പെടുത്തി പ്രശാന്ത് രംഗത്തു വന്നത്. തിരുവനന്തപുരത്ത് പാലോട് രവിയെ ഡിസിസി അധ്യക്ഷനാക്കാനുള്ള തീരുമാനത്തെ അംഗീകരിക്കില്ലെന്ന് പ്രശാന്ത് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചയാളെ ഡിസിസി അധ്യക്ഷനാക്കിയാൽ പാർട്ടി വിടുമെന്ന് പ്രശാന്ത് അറിയിച്ചിരുന്നു. പിന്നാലെയാണ് പുറത്താക്കൽ.