ആര്‍എസ്പിയും ഇടയുന്നു ; യുഡിഎഫ് യോഗങ്ങളില്‍ നിന്നു വിട്ടുനില്‍ക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th August 2021 02:35 PM  |  

Last Updated: 30th August 2021 02:35 PM  |   A+A-   |  

rsp

ഫയല്‍ ചിത്രം

 

തിരുവനന്തപുരം : കോണ്‍ഗ്രസിനകത്തെ പൊട്ടിത്തെറി മുന്നണിയിലേക്കും വ്യാപിക്കുന്നു. യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആര്‍എസ്പി തീരുമാനിച്ചു. ഉഭയകക്ഷി ചര്‍ച്ച നടക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. 

തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്പി കോണ്‍ഗ്രസിന് കത്തു നല്‍കിയിരുന്നു. എന്നാല്‍ കത്തു നല്‍കി 40 ദിവസം പിന്നിട്ടിട്ടും ഒരു നടപടിയും ഇല്ലെന്ന് ആര്‍എസ്പി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. 

ഈ സാഹചര്യത്തില്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍എസ്പി നേതൃയോഗത്തില്‍ തീരുമാനിച്ചത്. തുടര്‍നടപടി സ്വീകരിക്കാന്‍ ശനിയാഴ്ച ആര്‍എസ്പി നേതൃയോഗം വിളിച്ചിട്ടുണ്ട്. 

നിലവിലെ സാഹചര്യത്തില്‍ ആര്‍എസ്പി യുഡിഎഫ് മുന്നണി വിടണമെന്നും ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യമടക്കം നേതൃയോഗത്തില്‍ ചര്‍ച്ചയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷിബു ബേബിജോണ്‍ അടക്കം ഒരു വിഭാഗം നേതാക്കള്‍ ഇടഞ്ഞു നില്‍ക്കുകയാണ്.  

കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ അടക്കം വിറ്റുതുലയ്ക്കുകയാണ്. സംസ്ഥാനസര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കെതിരെയും ശക്തമായ ഒരു പ്രതിഷേധ സമരവും നടക്കുന്നില്ല. ഇതെല്ലാമാണ് പിണറായി വിജയന് തുടര്‍ഭരണം സാധ്യമാക്കി കൊടുത്തത്. യുഡിഎഫ് തെറ്റു തിരുത്തണമെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് ആവശ്യപ്പെട്ടു.