നിയമസഭ കയ്യാങ്കളി കേസ് ഇന്ന് കോടതിയിൽ ; വിടുതൽ ഹർജികളുമായി ഇടതു നേതാക്കൾ ; ചെന്നിത്തലയുടെ തടസ്സ ഹർജിക്കെതിരെ സർക്കാർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st August 2021 09:02 AM  |  

Last Updated: 31st August 2021 09:02 AM  |   A+A-   |  

assembly clash case

നിയമസഭയില്‍ നടന്ന കയ്യാങ്കളിയുടെ ദൃശ്യം / ഫയല്‍

 

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസ് ഇന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. കേസിൽ പ്രതികളായ എൽഡിഎഫ് നേതാക്കള്‍ നൽകിയിട്ടുള്ള വിടുതൽ ഹർജികളും കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ തടസ്സ ഹർജിയുമാണ് കോടതി പരിഗണിക്കുന്നത്. 

കേസ് പിൻവലിക്കാനുള്ള സർക്കാർ ഉത്തരവ് തള്ളിയ സുപ്രീം കോടതി പ്രതികളോട് വിചാരണ നേരിടാൻ നിർദ്ദേശിച്ചിരുന്നു. കേസ്  വീണ്ടും സിജെഎം കോടതിയിലെത്തിയതോടെ  പ്രതികളായ മന്ത്രി ശിവൻകുട്ടി ഉൾപ്പെടെ ആറു പ്രതികള്‍ വിടുതൽ ഹർജി നൽകി. കേസ് തള്ളരുതെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും കോടതിയെ സമീപിച്ചു. 

രമേശ് ചെന്നിത്തലക്ക് കേസിൽ കക്ഷി ചേരാൻ അധികാരമില്ലെന്ന് കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോള്‍ സർക്കാർ അഭിഭാഷകൻ വാദിച്ചിരുന്നു. ഇക്കാര്യത്തിൽ വിശദമായ വാദം ഇന്നു കേള്‍ക്കും. നിലവിലെ മന്ത്രി വി ശിവന്‍കുട്ടി, മുന്‍മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, എംഎല്‍എമാരായിരുന്ന കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരെയാണ് കോടതി കേസെടുത്തത്.  

2015 മാർച്ച് 13 ന് കെ എം മാണിയുടെ ബജറ്റ് അവതരണം തടഞ്ഞുകൊണ്ട് ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ പ്രതിഷേധമാണ് കേസിന് ആസ്പദം. ബാര്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന എല്‍.ഡി.എഫ്. എംഎല്‍എമാരുടെ നിലപാടാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.