എറണാകുളത്ത് 86 ശതമാനം പേര്‍ക്കും ആദ്യ ഡോസ് നല്‍കി, സെപ്റ്റംബര്‍ 10നകം എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും: ആരോഗ്യമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st August 2021 02:35 PM  |  

Last Updated: 31st August 2021 02:35 PM  |   A+A-   |  

covid vaccination in kerala

വീണാ ജോര്‍ജ് മാധ്യമങ്ങളോട്

 

കൊച്ചി: എറണാകുളം ജില്ലയില്‍ പതിനെട്ട് വയസിന് മുകളിലുള്ള 86 ശതമാനം ജനങ്ങളും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സെപ്റ്റംബര്‍ 10നകം പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും എത്തിക്കാനുള്ള ശ്രമത്തിലാണെന്നും ആരോഗ്യമന്ത്രി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

എറണാകുളം ജില്ലയില്‍ വാക്‌സിനേഷന്‍ നല്ലനിലയിലാണ് മുന്നോട്ടുപോകുന്നത്. സെപ്റ്റംബര്‍ 30നകം 1.11 കോടി വാക്‌സിന്‍ സംസ്ഥാനത്തിന് ലഭ്യമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ലഭിക്കുന്ന മുറയ്ക്ക് വാക്‌സിന്‍ ലഭ്യമാക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

ഓഗസ്റ്റ് 31 വരെ പ്രതീക്ഷിച്ച രോഗികള്‍ ഇപ്പോള്‍ ചികിത്സയില്‍ ഇല്ല. ഓണത്തിന് ശേഷം രോഗികളുടെ എണ്ണം ഉയരുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച നിലയില്‍ രോഗവ്യാപനം ഉണ്ടായില്ല. ഇത് ആശ്വാസം നല്‍കുന്നതാണ്. എങ്കിലും ജാഗ്രത കൈവിടരുത്. കോവിഡ് പ്രതിരോധത്തില്‍ വീട്ടുവീഴ്ച അരുത്.

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടണം. ജലദോഷം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളെ തള്ളിക്കളയരുത്. കുട്ടികളില്‍ കൂടുതല്‍ ശ്രദ്ധ വേണം. അവര്‍ക്ക് ഇതുവരെ വാക്‌സിന്‍ ലഭിച്ചിട്ടില്ല. ഷോപ്പിങ്ങിനും മറ്റും പുറത്തുപോകുമ്പോള്‍ കുട്ടികളെ കൂടെ കൂട്ടരുതെന്നും വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.