കാമുകനൊപ്പം ജീവിക്കാന്‍ അച്ഛനെ കൊലപ്പെടുത്തി; മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st August 2021 04:14 PM  |  

Last Updated: 31st August 2021 04:29 PM  |   A+A-   |  

Three sentenced to life imprisonment

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകളും കാമുകനും ഉള്‍പ്പടെ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ ചുനക്കര സ്വദേശി ശശിധര പണിക്കരുടെ കൊലപാതകത്തിലാണ് വിധി. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.

2013 ഫെബ്രുവരി 23 നായിരുന്നു കേസിനാസ്പദമായ സംഭവം.  ശശിധര പണിക്കരുടെ മൂത്ത മകള്‍ ശ്രീജ മോള്‍, കാമുകന്‍ റിയാസ് , റിയാസിന്റെ സുഹൃത്ത് രതീഷ് എന്നിവരാണ് പ്രതികള്‍. കാമുകനൊപ്പം ജീവിക്കാനാണ് കൃത്യം ചെയ്തതെന്ന് കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിധി. 

കേസിലെ ഒന്നാം പ്രതിയായ റിയാസ് ചാരുംമൂട്ടിലെ വ്യാപാരസ്ഥാപനത്തില്‍ ജോലിചെയ്യവേയാണ് മൂന്നാം പ്രതിയായ ശ്രീജമോളുമായി കണ്ടുമുട്ടിയത്. സമീപത്തെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ശ്രീജമോളുമായി പിന്നീട് പ്രണയത്തിലായി. ഇതിനിടെ റിയാസ് ജോലി തേടി വിദേശത്തു പോയി. ശ്രീജമോള്‍ ഒപ്പം ജോലി ചെയ്ത തിരുവനന്തപുരം സ്വദേശി ശ്രീജിത്തിനെ വിവാഹം ചെയ്തു. വിവാഹത്തിനു ശേഷവും ശ്രീജമോള്‍ റിയാസുമായുള്ള അടുപ്പം തുടരുന്നതു മനസിലാക്കിയ ശ്രീജിത് വിവാഹമോചനം നേടി.ഈ ബന്ധത്തില്‍ ശ്രീജമോള്‍ക്കു 12 വയസുള്ള മകളുണ്ട്. 

വിവാഹമോചനത്തിനു ശേഷവും മകള്‍ ആര്‍ഭാട ജീവിതം നയിക്കുന്നതിനെ ശശിധരപ്പണിക്കര്‍ എതിര്‍ത്തതോടെ വീട്ടില്‍ വഴക്കു പതിവായി. പിതാവ് ജീവിച്ചിരുന്നാല്‍ റിയാസിനൊപ്പം കഴിയാന്‍ സാധിക്കില്ലെന്നു ബോധ്യപ്പെട്ട ശ്രീജമോള്‍ റിയാസുമായി ഗൂഢാലോചന നടത്തി. തനിക്കൊപ്പം വിദേശത്തു മുന്‍പ് ജോലി ചെയ്തിരുന്ന രതീഷുമായി ആലോചിച്ചുറപ്പിച്ച് റിയാസ് അവധിക്കു നാട്ടിലെത്തി.2013 ഫെബ്രുവരി 19നു ഇരുവരും നാട്ടില്‍ കണ്ടുമുട്ടി. ശശിധരപ്പണിക്കരെ മദ്യത്തില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്താന്‍ തീരുമാനിച്ചു. 

തിരുവല്ല തുകലശേരിയിലെ സ്ഥാപനത്തില്‍ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന ശശിധരപ്പണിക്കരെ ഇടുക്കിയിലെ എസ്റ്റേറ്റില്‍ മികച്ച ശമ്പളത്തില്‍ ജോലി ലഭിക്കുമെന്നു വിശ്വസിപ്പിച്ചു സംഭവദിവസം രാത്രി 8നു നൂറനാട് പടനിലത്തു കരിങ്ങാലിപ്പുഞ്ചയ്ക്കു സമീപം എത്തിച്ച് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി.വിഷം കലര്‍ന്ന മദ്യം കുടിച്ച ശശിധരപ്പണിക്കര്‍ ഛര്‍ദിച്ചതോടെ മരിക്കില്ലെന്നു കരുതിയ റിയാസും രതീഷും വെട്ടുകല്ല് ഉപയോഗിച്ചു തലയ്ക്ക് അടിച്ചു . കത്തി ഉപയോഗിച്ചു കുത്തിയും പരിക്കേല്‍പ്പിച്ചു. തോര്‍ത്ത് കൊണ്ട് ശ്വാസം മുട്ടിച്ച ശേഷം സമീപത്തെ കുളത്തില്‍ മൃതദേഹം ഉപേക്ഷിച്ചതായാണു പ്രോസിക്യൂഷന്‍ കേസ്. 26നാണ് മൃതദേഹം സമീപവാസികള്‍ കണ്ടത്.