പരസ്യപ്രസ്താവനകളില്‍ രാഹുലിന് അതൃപ്തി ; അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ച വേണ്ടെന്ന് ഹൈക്കമാന്‍ഡ് ; ഭാരവാഹികളാക്കില്ല

പാര്‍ട്ടിയെ ദുര്‍ബലമാക്കുന്ന രീതിയില്‍ പരസ്യപ്രസ്താവന നടത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്
രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി/ഫയല്‍ ചിത്രം
രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രാഹുല്‍ഗാന്ധി. ഗ്രൂപ്പ് നേതാക്കളോട് വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് രാഹുല്‍ഗാന്ധി കെപിസിസി നേതൃത്വത്തെ അറിയിച്ചു. അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കാനും നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. 

പാര്‍ട്ടിയെ ദുര്‍ബലമാക്കുന്ന രീതിയില്‍ പരസ്യപ്രസ്താവന നടത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും കെപിസിസിയോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരക്കാരെ കെപിസിസിയിലോ ഡിസിസിയിലോ ഭാരവാഹികളാക്കേണ്ടെന്ന് രാഹുല്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്.

പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ശക്തമാക്കും. പാര്‍ട്ടി വേദികളില്‍ എന്തു വിമര്‍ശനവും പറയാം. എന്നാല്‍, പൊതുവേദികളില്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരുടെ വിവരങ്ങള്‍ കൈമാറാനും ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോള്‍, 'പെട്ടി തൂക്കി'കളെന്നു വിളിച്ചാക്ഷേപിച്ചത് രാഹുല്‍ ഗാന്ധിയെ പ്രകോപിപ്പിച്ചതായാണ് സൂചന. 

ഇതിന്റെ പശ്ചാത്തലത്തില്‍ നേതാക്കളുടെ പ്രസ്താവനയുടെ സമ്പൂര്‍ണ ഉള്ളടക്കം ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇത് ഇന്നോ നാളെയോ അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറിയേക്കും. 

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ സെമി കേഡര്‍ രൂപത്തിലാക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. വിവാദങ്ങള്‍ക്കിടെ കെപിസിസി ഭാരവാഹികളെ തീരുമാനിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വമെന്നും സൂചനയുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com