'ആ ചെറ്യേ സ്പാനര്‍ ഇങ്ങെടുത്തേ'; 'വെള്ളാന'കളില്‍ മാറ്റമില്ലാതെ മരാമത്തു വകുപ്പ്; അഞ്ചു കൊല്ലം കൊണ്ടു തുലച്ചത് 19 കോടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st August 2021 12:06 PM  |  

Last Updated: 31st August 2021 12:06 PM  |   A+A-   |  

vellanakalude nadu

വെള്ളാനകളുടെ നാട് സിനിമയില്‍നിന്ന്‌

 

കൊച്ചി: വെള്ളാനകളുടെ നാട് എന്ന മോഹന്‍ലാല്‍ സിനിമയില്‍ കുതിരവട്ടം പപ്പു റോഡ് റോളര്‍ നന്നാക്കുന്ന രംഗം മലയാളി ഒരിക്കലും മറക്കാനിടയില്ല. ആ ചെറ്യേ സ്പാനര്‍ ഇങ്ങെടുത്തേ, ഇപ്പ ശരിയാക്കിത്തരാം എന്ന പപ്പുവിന്റെ പറച്ചിലും 'ജാംബവാന്റെ കാലത്തോളം' പഴക്കമുള്ള റോഡ് റോളറും. കേരള പൊതു മരാമത്തു വകുപ്പിനെ സംബന്ധിച്ച് കാര്യങ്ങളില്‍ ഇപ്പോഴും വലിയ മാറ്റമൊന്നുമില്ലെന്നാണ്, കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 'ഓടാത്ത' റോഡ് റോളറിന്റെ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ വകുപ്പ് 18.34 കോടി രൂ ചെലവിട്ടതായി സിഎജി റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വെള്ളാനകളുടെ നാട് പുറത്തുവന്നു 33 വര്‍ഷം പിന്നിട്ടിട്ടും ഇത്തരം റോഡ് റോളറുകള്‍ ഇപ്പോഴും സര്‍ക്കാര്‍ ഖജനാവ് മുടിപ്പിച്ചുകൊണ്ടിരിക്കുന്നതാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. എട്ടു ഡിവിഷനുകളിലായി, 86 റോഡ് റോളറിന്റെ ജീവനക്കാര്‍ക്കായി 2014-19 കാലത്ത് 18.34 കോടി രൂപ ചെലവിട്ടെന്നാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. 

പതിമൂന്നു റോഡ് റോളറുകളാണ് വകുപ്പിന്റെ പക്കല്‍ പ്രവര്‍ത്തിക്കുന്നവയുള്ളത്. ഇവയാവട്ടെ, വര്‍ഷത്തില്‍ ശരാശരി ഉപയോഗിക്കുന്നത് ആറു ദിവസവും. 2019 ഒക്ടോബര്‍ വരെയുള്ള കണക്ക് അനുസരിച്ച് പൊതുമരാമത്തു വകുപ്പില്‍ 26 റോഡ് റോളര്‍ ഡ്രൈവര്‍മാരുണ്ട്, 57 ക്ലീനര്‍മാരും. പണിയൊന്നുമില്ലെങ്കിലും ഇവര്‍ അതതു തസ്തികകളില്‍ തുടരുകയാണെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു. 2003 നവംബറില്‍ ഡ്രൈവര്‍മാരുടെ 140ഉം ക്ലീനര്‍മാരുടെ 110 തസ്തികകള്‍ അധികമാണെന്നു സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 80 ഡ്രൈവര്‍ തസ്തികകളും 60 ക്ലീനര്‍ തസ്തികകളും റദ്ദാക്കി. എന്നാല്‍ ഇവ സൂപ്പര്‍ന്യൂമററി തസ്തികകളായി നിലനിര്‍ത്തി. 

വകുപ്പിന്റെ പക്കലുള്ള 86 റോഡ് റോളറുകളില്‍ 73 എണ്ണം '
കാലങ്ങളായി' ഓടാതെ കിടക്കുന്നവയാണ്. എട്ടു മാസം മുതല്‍ 27 വര്‍ഷം വരെ ഉപയോഗിക്കാതെ കിടക്കുന്നവ ഇവയില്‍ ഉണ്ടെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു. അറ്റകുറ്റപ്പണി നടത്താവുന്ന ഘട്ടമൊക്കെ കഴിഞ്ഞിട്ടും വകുപ്പ് ഇപ്പോഴും ഇവ നിലനിര്‍ത്തിപ്പോരുകയാണ്. ഉചിതമായ സമയത്ത് തീരുമാനമെടുക്കാത്തതിനാല്‍ ലേലത്തില്‍ വയ്ക്കുമ്പോള്‍ മെച്ചപ്പെട്ട തുക ലഭിക്കുന്നതിനുള്ള സാഹചര്യം കൂടിയാണ് ഇല്ലാതാവുന്നതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.