കോവിഡ് വന്നോ ?; ഒറ്റ ഡോസില്‍ വന്‍ പ്രതിരോധമെന്ന് പഠനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st August 2021 07:48 AM  |  

Last Updated: 31st August 2021 08:49 AM  |   A+A-   |  

VACCINE3

ഫയല്‍ ചിത്രം

 

കൊച്ചി : കോവിഡ് വന്നശേഷം ഒരു ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ശക്തമായ പ്രതിരോധശേഷി ഉണ്ടാകുമെന്ന് പഠനം. 'ഹൈബ്രിഡ് ഇമ്മ്യൂണിറ്റി' എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. 

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ 1500 പേരില്‍ ക്ലിനിക്കല്‍ ഇമ്മ്യൂണോളജിസ്റ്റായ ഡോ. പത്മനാഭ ഷേണായിയാണ് പഠനം നടത്തിയത്. രോഗം വരാതെ രണ്ടു ഡോസ് എടുത്തവരേക്കാള്‍ 30 ഇരട്ടി പ്രതിരോധശേഷി ഇവര്‍ക്ക് ലഭിക്കുന്നതായി ഡോ. ഷേണായി പറഞ്ഞു. 

രണ്ടു ഡോസ് വാക്സിൻ എടുത്തവരിൽ വൈറസിനെ നിർവീര്യമാക്കാനുള്ള കഴിവ് 60 ശതമാനം ആണെങ്കിൽ ഹൈബ്രിഡ് ഇമ്മ്യൂണിറ്റി ഉള്ളവരിൽ ഇത് 86.7 ശതമാനമാണ്. ഹൈബ്രിഡ് ഇമ്മ്യൂണിറ്റി കൂടുതൽ കാലം നിലനിൽക്കുമെന്നും, ഇവർക്ക് വീണ്ടും കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നും പഠനത്തിൽ പറയുന്നു. 

രോഗം വന്നശേഷം ഒറ്റ ഡോസ് വാക്‌സിനിലൂടെ തന്നെ ശരീരത്തിന് വൈറസിനെ കീഴടക്കാനുള്ള ശേഷി ലഭിക്കും. രണ്ടാം ഡോസിന്റെ ആവശ്യവുമില്ല. ദീര്‍ഘനാളത്തേക്ക് പ്രതിരോധശേഷി ഉണ്ടാകുമെന്നും ഡോ. ഷേണായി പറയുന്നു. 

കണക്കുകള്‍ ഇങ്ങനെ...

ആന്റിബോഡികളുടെ എണ്ണം - ഒരു ഡോസ് എടുത്തവര്‍ക്ക് 20 എങ്കില്‍ രോഗം ബാധിച്ചവര്‍ക്ക് 87. രണ്ടു ഡോസ് എടുത്തവര്‍ക്ക് 322. അതേസമയം കോവിഡ് വന്നശേഷം ഒരു ഡോസ് എടുത്തവര്‍ക്ക് 11,144 ആണെന്നും പഠനം വ്യക്തമാക്കുന്നു.