'വിവാഹാഭ്യര്‍ത്ഥന നടത്തി, മോഷണക്കേസ് പ്രതിയെന്ന് അറിഞ്ഞപ്പോള്‍ നിരസിച്ചു, വൈരാഗ്യം' ; നെടുമങ്ങാട് കൊലപാതകത്തില്‍ പ്രതിക്കെതിരെ പെണ്‍കുട്ടിയുടെ അമ്മ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st August 2021 10:59 AM  |  

Last Updated: 31st August 2021 10:59 AM  |   A+A-   |  

arun and suryagathri

അരുണ്‍, മരിച്ച സൂര്യഗായത്രി / ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം : നെടുമങ്ങാട്ടെ സൂര്യഗായത്രിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രതി അരുണിന്റെ വൈരാഗ്യമെന്ന് പെണ്‍കുട്ടിയുടെ അമ്മ. പ്രതി അരുണ്‍ സൂര്യഗായത്രിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ അരുണ്‍ മോഷണക്കേസില്‍ പ്രതിയാണെന്ന് അറിഞ്ഞ് വിവാഹാഭ്യര്‍ത്ഥന നിരസിച്ചു. ഇതാണ് വൈരാഗ്യത്തിന് കാരണമെന്ന് പെണ്‍കുട്ടിയുടെ അമ്മ വല്‍സല പറഞ്ഞു.

മുമ്പ് വാഹനം തടഞ്ഞുനിര്‍ത്തി അരുണ്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കുത്തേറ്റു മരിച്ച സൂര്യഗായത്രിയുടെ അമ്മ വെളിപ്പെടുത്തി. ശരീരത്തില്‍ 15 ഓളം കുത്തേറ്റ് ഗുരുതരാവസ്ഥയിലായ സൂര്യഗായത്രി (20) ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. തടയാനെത്തിയ പെണ്‍കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റിരുന്നു.

മരിച്ച യുവതിയും പ്രതി അരുണുമായി നാലുവര്‍ഷത്തോളമായി പരിചയമുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതിയായ അരുണ്‍ ഏതാനും ക്രിമിനല്‍ കേസുകളിലെ പ്രതി കൂടിയാണ്. വിവാഹാഭ്യര്‍ത്ഥന നിഷേധിച്ചതിനെ തുടര്‍ന്ന് നാലു വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണും സ്വര്‍ണാഭരണങ്ങളും കവര്‍ന്നിട്ടുണ്ടെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി അരുണിനെതിരെ ആര്യനാട് പൊലീസില്‍ പരാതി നല്‍കിയിരുന്നതായും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

സൂര്യഗായത്രി ഒരു വര്‍ഷം മുമ്പ് വിവാഹം കഴിച്ചിരുന്നെങ്കിലും, ഇപ്പോള്‍ ഭര്‍ത്താവുമായി അകന്ന് മാതാപിതാക്കള്‍ക്കൊപ്പമാണ് ജീവിച്ചിരുന്നത്. നാലുവര്‍ഷം മുമ്പുണ്ടായ സംഭവങ്ങള്‍ക്ക് ശേഷം കഴിഞ്ഞദിവസമാണ് അരുണിനെ കാണുന്നതെന്നും വല്‍സല പറയുന്നു. എന്നാല്‍ പ്രതി അരുണും സൂര്യഗായത്രിയും തമ്മില്‍ ഫോണ്‍ മുഖേന ബന്ധം പുലര്‍ത്തിയിരുന്നോ എന്നും, സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലുള്ള സൂര്യഗായത്രിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നു സംസ്‌കരിക്കും. പ്രതി അരുണ്‍ പൊലീസ് കസ്റ്റഡിയിലാണുള്ളത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അരുണിനെ വീണ്ടും ചോദ്യം ചെയ്യും. ആക്രമണത്തിന് ശേഷം സമീപത്തെ വീടിന് മുകളില്‍ ഒളിച്ചിരുന്ന അരുണിനെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.