ഗോതമ്പിന് പകരം ആട്ട, കൂടുതല്‍ ആംബുലന്‍സ് സര്‍വീസ്; അട്ടപ്പാടിയില്‍ നടപടിയുമായി സര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st December 2021 02:19 PM  |  

Last Updated: 01st December 2021 02:19 PM  |   A+A-   |  

attapadi

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശു മരണങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നടപടികളുമായി സര്‍ക്കാര്‍. പട്ടിക വര്‍ഗ പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിന് ധനവകുപ്പ് പ്രത്യേക അനുമതി നല്‍കി. അട്ടപ്പാടിയിലേക്ക് കൂടുതല്‍ ആംബുലന്‍സ് എത്തിക്കും. മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 

ആരോഗ്യമേഖലയില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാനായി ശനിയാഴ്ച യോഗം ചേരും. ഇപ്പോള്‍ വിതരണം ചെയ്യുന്ന ഗോതമ്പിന് പകരം ആട്ട വിതരണം ചെയ്യും. 

അട്ടപ്പാടി സ്വദേശികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അവിടെത്തന്നെ നിയമിക്കാനും തീരുമാനമായി. മേഖലയില്‍ മദ്യവര്‍ജന നടപടികള്‍ കാര്യക്ഷമമാക്കും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ജി ആര്‍ അനില്‍, വീണാ ജോര്‍ജ്, എം വി ഗോവിന്ദന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.