പി ജി ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്‌കരിക്കും
By സമകാലിക മലയാളം ഡെസ്ക് | Published: 01st December 2021 09:06 AM |
Last Updated: 01st December 2021 09:06 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: പി ജി ഡോക്ടർമാർ ഇന്ന് സംസ്ഥാന വ്യാപകമായി ഒ പി ബഹിഷ്‌കരിക്കും. പുതിയ പി ജി പ്രവേശന നടപടികൾ അനിശ്ചിതമായി നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. ബഹിഷ്‌കരണത്തിൽനിന്ന് അത്യാഹിത വിഭാഗം, ഐസിയു, ലേബർ ഡ്യൂട്ടി തുടങ്ങിയ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
ആറു മാസമായി നടക്കാത്ത പി ജി കൗൺസലിങ് സുപ്രീംകോടതി നാലാഴ്ചകൂടി നീട്ടിയതിൽ പ്രതിഷേധിച്ച് രാജ്യത്തൊട്ടാകെ മെഡിക്കൽ പി ജി ഡോക്ടർമാർ ഒരാഴ്ചയായി സമരത്തിലാണ്. പുതിയ ബാച്ചിന്റെ കൗൺസലിങ് നീണ്ടുപോകുന്നതോടെ ഡോക്ടർമാരുടെ കുറവ് ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കും. ഇന്ന് ഡി എം ഇ തലത്തിൽ നടക്കുന്ന ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് കേരള മെഡിക്കൽ പി ജി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.