ട്യൂഷന്‍ ക്ലാസ് കഴിഞ്ഞു മടങ്ങിയ പ്ലസ് വണ്‍കാരിയെ കടന്നുപിടിച്ചു; പിന്നാലെ ഓടി യുവാവിനെ പിടികൂടി വിദ്യാർഥിനി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st December 2021 02:00 PM  |  

Last Updated: 01st December 2021 02:00 PM  |   A+A-   |  

ASSAULT CASE

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: ട്യൂഷന്‍ ക്ലാസ് കഴിഞ്ഞു മടങ്ങിവരുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പിടികൂടി പൊലീസിലേല്‍പ്പിച്ചു. കോഴിക്കോട് നഗരത്തില്‍ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. പാളയം സ്വദേശി ബിജു(30)വിനെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ക്ലാസ് കഴിഞ്ഞ് സ്കൂളിലേക്ക് നടക്കുകയായിരുന്ന കുട്ടിയെ പഠിക്കുന്ന സ്‌കൂളിനടുത്ത് എത്തിയപ്പോള്‍ പുറകെ എത്തിയ ബിജു കടന്നുപിടിക്കുകയായിരുന്നു. മറ്റൊരു വിദ്യാര്‍ഥിനിയേയും ഇയാൾ ശല്യപ്പെടുത്താൻ ശ്രമിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബിജുവിനെ വിദ്യാര്‍ഥിനി പിന്തുടര്‍ന്ന് ഷര്‍ട്ടില്‍ പിടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നാലെ നാട്ടുകാര്‍ തടിച്ചുകൂടുകയും ബിജുവിനെ തടഞ്ഞുവെക്കുകയും ചെയ്തു. പിങ്ക് പൊലീസ് എത്തിയാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്.

യുവാവിനെതിരെ പോക്‌സോ കേസ് ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.