പെരിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തവര്‍ പാവങ്ങള്‍; കയ്യുംകെട്ടി നോക്കിനില്‍ക്കില്ല: സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎമ്മിന് ഒരു പങ്കുമില്ലെന്ന് കാസര്‍കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍
എംവി ബാലകൃഷ്ണന്‍/ഫെയ്‌സ്ബുക്ക്
എംവി ബാലകൃഷ്ണന്‍/ഫെയ്‌സ്ബുക്ക്

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎമ്മിന് ഒരു പങ്കുമില്ലെന്ന് കാസര്‍കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍. അറസ്റ്റ് ചെയ്ത എല്ലാവരും സിപിഎം പ്രവര്‍ത്തകരല്ല. പാവങ്ങള്‍, ഇതൊന്നും അറിയാത്തവരാണ് എല്ലാവരും. ഇത് അവിടുത്തെ ജനങ്ങള്‍ക്കും പാര്‍ട്ടിക്കുമറിയാമെന്ന് എം വി ബാലകൃഷ്ണന്‍ പറഞ്ഞു ഏത് അന്വേഷണവും നടത്താമെന്ന് നേരത്തെ തന്നെ പാര്‍ട്ടി പറഞ്ഞതാണ്. അന്വേഷണം നടത്തിയപ്പോള്‍ സിപിഎം നേതാക്കളെ പ്രതിചേര്‍ക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അതൊക്കെ മുറയ്ക്ക് നടക്കട്ടെ. കയ്യും കെട്ടി നോക്കിനില്‍ക്കാന്‍ പറ്റില്ലെന്നും എം വി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

'കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദുമയില്‍ ഒരുകാലത്തും കിട്ടാത്ത ഭൂരിപക്ഷമാണ് സിപിഎമ്മിന് ലഭിച്ചിട്ടുള്ളത്. കൊലപാതകം നടന്ന പുല്ലൂര്‍-പെരിയ പഞ്ചായത്തിലടക്കമാണ് പാര്‍ട്ടിക്ക് വലിയ ഭൂരിപക്ഷം ലഭിച്ചത്. കല്ല്യോട് അടക്കമുള്ള വാര്‍ഡുകളെടുത്താലും മുമ്പ് ലഭിച്ചതിനേക്കാള്‍ വോട്ട് സിപിഎമ്മിനും ഇടുതുമുന്നണിക്കും ലഭിച്ചു.

ഞങ്ങളാണ് കൊലയാളിയെങ്കില്‍ പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ജനങ്ങള്‍ ഞങ്ങള്‍ക്ക് എതിരാകേണ്ടതല്ലേ. കോണ്‍ഗ്രസുകാരടക്കം ഞങ്ങള്‍ക്ക് വോട്ട് ചെയ്തല്ലോ. അപ്പോള്‍ ഇത് രാഷ്ട്രീയ മുതലെടുപ്പാണ്. അത് നടക്കട്ടെ. ഞങ്ങള്‍ അശ്ലേഷം ഭയമില്ല. ആരെ വേണമെങ്കിലും പ്രതിചേര്‍ക്കട്ടെ. മടിയില്‍ കനമുള്ളവനെ അല്ലെ പേടിക്കേണ്ടതുള്ളൂ' ബാലകൃഷ്ണന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പറഞ്ഞ ആളുകളെ സിബിഐ പ്രതിചേര്‍ത്തിട്ടുണ്ട്. യുഡിഎഫും ബിജെപിയും അതില്‍ ആര്‍ത്തട്ടഹസിച്ച് നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനെ പ്രതി ചേര്‍ത്തു

പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനും പ്രതിയാകും. ഉദുമ മുന്‍ എംഎല്‍എ കുഞ്ഞിരാമന്‍ അടക്കം അഞ്ചുപേര്‍ കൂടി കേസില്‍ പ്രതികളാണെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ബ്രാഞ്ച് സെക്രട്ടറി രാജേഷ് അടക്കം അഞ്ചുപേരെ കഴിഞ്ഞദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

കുഞ്ഞിരാമന്‍ അടക്കം അഞ്ചു പ്രതികള്‍ക്കും കേസില്‍ പങ്കുണ്ടെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. നേരത്തെ അറസ്റ്റിലായ പ്രതികള്‍ക്ക് ഇവര്‍ സഹായം നല്‍കിയതായി സിബിഐ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കുഞ്ഞിരാമനെ രണ്ടു തവണ സിബിഐ ചോദ്യം ചെയ്തിരുന്നു.

സിപിഎം നേതാവായ കെ വി കുഞ്ഞിരാമന്‍ നിലവില്‍ കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. കേസിലെ 21-ാം പ്രതിയാണ് കുഞ്ഞിരാമന്‍. പനയാല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ഭാസ്‌കരന്‍, രാഘവന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി, ഗോപന്‍ വെളുത്തോളി എന്നിവരും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നു.

പ്രതികളെ റിമാന്‍ഡ് ചെയ്തു

കേസില്‍ ഇന്നലെ അറസ്റ്റിലായ അഞ്ചു പേരെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അഞ്ചുപേരും ഗൂഢാലോചനയില്‍ നേരിട്ട് പങ്കുള്ളവരാണെന്നാണ് സിബിഐ കണ്ടെത്തല്‍. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രന്‍, ശാസ്ത മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.

കൊല്ലപ്പെട്ട യൂത്ത് കോണ്‍?ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും യാത്രാവിവരങ്ങള്‍ പ്രതികള്‍ക്ക് കൈമാറുക, ആയുധങ്ങള്‍ സമാഹരിച്ചു നല്‍കുക, വാഹന സൗകര്യം ഏര്‍പ്പെടുത്തി കൊടുത്തു തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ സിബിഐ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പീതാംബരന്‍ ഒന്നാം പ്രതി

2019 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കൃപേഷിനെയും ശരത് ലാലിനെയും ബൈക്ക് തടഞ്ഞു നിറുത്തി വിവിധ വാഹനങ്ങളിലെത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ച് സംഘം നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനാണ് ഒന്നാം പ്രതി. പിന്നീട് ഹൈക്കോടതിയാണ് കേസ് സിബിഐയ്ക്ക് വിട്ടത്. ഇത് സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com