നഗര ഹൃദയം ഹോണ്‍ വിമുക്തം; ശബ്ദ ശാന്തതയില്‍ തൃശൂര്‍ - വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd December 2021 03:17 PM  |  

Last Updated: 02nd December 2021 03:20 PM  |   A+A-   |  

no horn

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: തൃശൂരിന്റെ നഗര ഹൃദയമായ സ്വരാജ് റൗണ്ട് ഹോണ്‍ വിമുക്തം. സ്വരാജ് റൗണ്ട് ഹോണ്‍ വിമുക്തമായി പ്രഖ്യാപിച്ച ആദ്യ ദിവസം നിര്‍ദേശം ലംഘിച്ചവരെ പൊലീസ് ഉപദേശിച്ചു വിട്ടു. അടുത്ത ഘട്ടത്തില്‍ പിഴ ഈടാക്കുമെന്ന് പൊലീസ് അറിയിച്ചു. 

സിഗ്‌നലില്‍ ഹോണോടു ഹോണ്‍ 

ഹോണ്‍ നിരോധനത്തിനു കനത്ത വെല്ലുവിളി ഉയര്‍ത്തുന്നത് സിഗ്നല്‍ ആണെന്നാണ് പൊലീസ് പറയുന്നത്. ചുവപ്പുമാറി പച്ചതെളിയുമ്പോള്‍ മുന്നിലുള്ള വാഹനത്തിനു വേഗം കൂട്ടാനായി പിന്നില്‍ നിന്നു ഹോണുകള്‍ അലറാന്‍ തുടങ്ങും. പലരും ഹോണില്‍ ഞെക്കിപ്പിടിക്കുകയാണ്. ഈ ബഹളം വേണ്ടെന്നു പൊലീസ് സിഗ്‌നലുകളില്‍ കാത്തുകിടന്ന വാഹനങ്ങളോട് ഓര്‍മിപ്പിച്ചു. 

ഇനിയും അലറിയാല്‍ പിഴ

സ്വരാജ് റൗണ്ട് ശബ്ദരഹിത മേഖലയായി പ്രഖ്യാപിച്ചതിനാല്‍  ഹോണ്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നു പൊലീസ് അറിയിച്ചു. നിരവധി ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ചേരുന്ന ഇവിടെ സമചിത്തതതയോടും പരസ്പര ബഹുമാനത്തോടും കൂടി െ്രെഡവ് ചെയ്യണം. ആദ്യഘട്ടം ബോധവല്‍ക്കരണമാണെങ്കിലും രണ്ടാംഘട്ടത്തില്‍ പിഴ ഈടാക്കുമെന്നു പൊലീസ് മുന്നറിയിപ്പു നല്‍കി. 

നോ പാര്‍ക്കിങ്ങിന് ഒപ്പം നോ ഹോണ്‍ ബോര്‍ഡുകള്‍

നോപാര്‍ക്കിങ് ബോര്‍ഡുകള്‍ക്കു പുറമേ റൗണ്ടില്‍ പലയിടത്തും നോ ഹോണ്‍ ബോര്‍ഡുകള്‍ പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. അസിസ്റ്റന്റ് കമ്മിഷണര്‍ വി.കെ. രാജുവിന്റെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡുകള്‍, ഓട്ടോറിക്ഷാ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച്  െ്രെഡവര്‍മാര്‍ക്ക് നോട്ടിസുകള്‍ വിതരണം ചെയ്തു.