കോടിയേരി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2021 01:14 PM  |  

Last Updated: 03rd December 2021 01:14 PM  |   A+A-   |  

kodiyeri

കോടിയേരി ബാലകൃഷ്ണന്‍/ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി. ഒരു വര്‍ഷത്തെ അവധിക്കു ശേഷമാണ് കോടിയേരി സെക്രട്ടറിപദത്തില്‍ തിരിച്ചെത്തുന്നത്. ഇന്നു ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. 

കഴിഞ്ഞ വര്‍ഷം നവംബര്‍ 13നാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്നും അവധിയെടുത്തത്. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പുറമേ, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതും അവധിയില്‍ പ്രവേശിക്കാന്‍ കാരണമായി. 

അര്‍ബുദത്തിനു തുടര്‍ചികില്‍സ ആവശ്യമായതിനാല്‍ അവധി അനുവദിക്കുക ആയിരുന്നു എന്നാണ് സിപിഎം വിശദീകരിച്ചത്. പകരം ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന് സംസ്ഥാന സെക്രട്ടറിയുടെ അധിക ചുമതല നല്‍കുകയും ചെയ്തു. ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടായതും ബിനീഷ് ജയില്‍ മോചിതനായതുമാണ് പദവിയിലേക്കു മടങ്ങിയെത്തുന്നതിന് സാഹചര്യമൊരുക്കിയത്. 

2015ല്‍ ആലപ്പുഴയില്‍ നടന്ന സമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായത്. 2018ല്‍ തൃശൂരില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 16ാം വയസിലാണ് കോടിയേരി പാര്‍ട്ടി അംഗമാകുന്നത്. കേന്ദ്ര കമ്മിറ്റിയിലും പിബിയിലും എത്തിയശേഷമാണ് സംസ്ഥാന സെക്രട്ടറി പദത്തില്‍ എത്തിയത്.