ഇഷ്ടമുള്ളത് റം! ഏറ്റവും കൂടുതൽ മദ്യപർ ആലപ്പുഴയിൽ; സ്ത്രീകളുടെ കുടി കൂടുതൽ വയനാട്ടിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2021 03:01 PM  |  

Last Updated: 03rd December 2021 03:01 PM  |   A+A-   |  

Liquor price hike

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: മദ്യത്തിന്റെ ഉപയോ​ഗം ദേശീയ ശരാശരിയേക്കാൾ കൂടുതൽ കേരളത്തിലുണ്ടെന്ന് കണ്ടെത്തൽ. ദേശീയ കുടുംബാരോഗ്യ സർവേയിലാണ് ഈ കണ്ടെത്തൽ. ദേശീയ തലത്തിൽ 15 വയസിന് മുകളിലുള്ള മദ്യപിക്കുന്നവരുടെ ശരാശരി എണ്ണം 18.8 ആണെങ്കിൽ കേരളത്തിൽ അത് 19.9 ആണെന്ന് സർവേ പറയുന്നു. കേരളത്തിലെ ​ഗ്രാമീണ മേഖലയിൽ 18.7 ശതമാനം പുരുഷന്മാരും, ​ന​ഗര മേഖലയിൽ 21 ശതമാനം പുരുഷന്മാരും മദ്യപിക്കുന്നുവെന്നാണ് സർവേ കണ്ടെത്തൽ.

കേരളത്തിലെ പതിനാല് ജില്ലകളിൽ ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ മദ്യപിക്കുന്നവർ ഉള്ളത് എന്നാണ് സർവേയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ജനസംഖ്യ അനുപാതത്തിൽ നോക്കിയാൽ ആലപ്പുഴയിലാണ് മദ്യപാനികളുടെ എണ്ണം കൂടുതൽ. പുരുഷന്മാർക്കിടയിൽ 29 ശതമാനം പേർ ആലപ്പുഴയിൽ മദ്യപിക്കും എന്നാണ് കണക്കുകൾ. അതേ സമയം ആലപ്പുഴയിലെ സ്ത്രീകൾക്കിടയിൽ വെറും 0.2 ശതമാനത്തിന് മാത്രമേ മദ്യപാന ശീലം ഉള്ളുവെന്നും സർവേ അടിവരയിടുന്നു.

മദ്യപാനികളുടെ എണ്ണത്തിൽ രണ്ടാമത് കോട്ടയം ജില്ലയാണ് ഇവിടെ 27.4 ശതമാനമണ് മദ്യപാന ശീലം. സ്ത്രീകൾക്കിടയിൽ ഇത് 0.6 ശതമാനമാണ്. അതേ സമയം ബിവറേജസ് കോർപ്പറേഷൻറെ കണക്ക് പ്രകാരം ആലപ്പുഴയിൽ കഴിഞ്ഞ മാസം വിറ്റത് 90,684 കെയ്സ് റം ആണ്. അതിന് പുറമേ ബിയർ വിറ്റത് 1.4 ലക്ഷമാണ്. അതേ സമയം കോട്ടയത്ത് ബ്രാണ്ടിയാണ് പ്രിയപ്പെട്ട മദ്യം എന്നാണ് ബീവറേജസ് കോർപ്പറേഷൻ കണക്കുകൾ വ്യക്തമാക്കുന്നത്. 

കേരളത്തിൻറെ മദ്യപാനികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് തൃശൂർ ജില്ലയാണ്. ഇവിടെ ശരാശരി 26.2 ശതമാനം പുരുഷന്മാരും, 0.2 ശതമാനം സ്ത്രീകളും മദ്യപിക്കുന്നുണ്ടെന്നാണ് കുടുംബാരോഗ്യ സർവേ പറയുന്നത്. അതേ സമയം കേരളത്തിൽ ഏറ്റവും കുറവ് മദ്യപാനികൾ ഉള്ള ജില്ല മലപ്പുറമാണ് ഇവിടെ 7.7 ശതമാനം പുരുഷന്മാരാണ് മദ്യം ഉപയോഗിക്കുന്നത്. ഏറ്റവും കൂടുതൽ സ്ത്രീകൾ മദ്യപിക്കുന്ന ജില്ല വയനാടാണ് ഇവിടുത്തെ സ്ത്രീകൾക്കിടയിലുള്ള ശരാശരി 1.2 ശതമാനമാണ്.