10 രൂപാ ഊണിനൊപ്പം ഇനി ഫിഷ് ഫ്രൈയും, വില 30 രൂപ; ഹിറ്റായി സമൃദ്ധി 

ചൂര മത്സ്യമാണ് ഇപ്പോൾ വിളമ്പുന്നത്
ജനകീയ ഹോട്ടല്‍ ഉദ്ഘാടനത്തിന് മഞ്ജജുവാര്യര്‍ എത്തിയപ്പോള്‍/ഫെയ്‌സ്ബുക്ക്‌
ജനകീയ ഹോട്ടല്‍ ഉദ്ഘാടനത്തിന് മഞ്ജജുവാര്യര്‍ എത്തിയപ്പോള്‍/ഫെയ്‌സ്ബുക്ക്‌

കൊച്ചി: വൻ ഹിറ്റ് ആയി മാറിയ കൊച്ചി കോർപ്പറേഷന്റെ ജനകീയ ഹോട്ടലായ സമൃദ്ധിയിൽ ഇനി മുതൽ ഫിഷ് ഫ്രൈയും. ഊണിനൊപ്പം നോൺവെജ് കൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആ​​ഗ്രഹിച്ചവർക്കായി ഫിഷ് ഫ്രൈയിലൂടെ തുടക്കം കുറിച്ചിരിക്കുകയാണ് കോർപ്പറേഷൻ. ചൂര മത്സ്യമാണ് ഇപ്പോൾ വിളമ്പുന്നത്. ഒരു പീസിന് 30 രൂപയാണ് വില. 

11 മണി മുതൽ ഊണ് റെഡി

രാവിലെ 11 മണി മുതലാണ് ഉച്ചഭക്ഷണം നൽകിത്തുടങ്ങുന്നത്. ഫിഷ് ഫ്രൈ ലഭ്യമാക്കിത്തുടങ്ങിയ ആദ്യ ദിവസം രണ്ടു മണിക്കൂറിനുള്ളിൽ തന്നെ അഞ്ഞൂറു കഷ്ണം മീൻ കാലിയായി. രണ്ടാം ദിവസം 750 കഷ്ണം മീനാണ് വിറ്റത്. അത്യാധുനിക തവയിലാണ് ഇവ പാചകം ചെയ്യുന്നത്. ഒരേ സമയം നൂറോളം മത്സ്യകഷ്ണങ്ങൾ വറക്കാൻ കഴിയുമെന്നതും എണ്ണ തീരെ കുറച്ചുമതിയെന്നതുമാണ് ​ഗുണം. 

ബ്രേക്ക്ഫാസ്റ്റ് ഉടൻ

നോർത്ത് പരമാര റോഡിലാണ് കൊച്ചി കോർപ്പറേഷന്റെ സമൃദ്ധി ജനകീയ ഹോട്ടൽ. അടുത്ത ആഴ്ച മുതൽ ഇവിടെ പ്രഭാതഭക്ഷണവും ലഭ്യമായിത്തുടങ്ങും. ഇഡ്ഡലി സാമ്പാർ, ഉപ്പമാവ് എന്നിവയാണ് പരി​ഗണനയിലുള്ളത്. നിരക്ക് തീരുമാനിച്ചിട്ടില്ല.

വിശപ്പുരഹിത കൊച്ചി എന്ന പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീ ജനകീയ ഹോട്ടൽ ആരംഭിച്ചത്. കഴിഞ്ഞ ഒക്ടോബർ ഏഴിന് പ്രവർത്തനമാരംഭിച്ച സമൃദ്ധിയിൽ പ്രതിദിനം 3500ഓളം ഊണാണ് വിൽക്കുന്നത്. ഇരുന്നു കഴിക്കുന്നതിനു പത്തു രൂപയും പാഴ്‌സൽ ആയി പതിനഞ്ചു രൂപയുമാണ് ഈടാക്കുന്നത്. തിരക്ക് കണക്കിലെടുത്ത് ഹോട്ടലിനോട് ചേർന്നുള്ള ഷീ ലോഡ്ജിൽ 150 ഇരിപ്പിടങ്ങൾ സജ്ജമാക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ് അധികൃതർ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com