മോന്‍സന് 15 വ്യാജ ഡോക്ടറേറ്റ്; 'രാജ്യാന്തര സമാധാന സ്ഥാനപതി' പട്ടവും; രണ്ട് ഉന്നത ഐപിഎസുകാര്‍ക്കും വ്യാജ ഡോക്ടറേറ്റ് സമ്മാനിച്ചു; അന്വേഷണം

വിദേശ സര്‍വകലാശാലകളിലെയും രാജ്യത്തിനകത്തെ സര്‍വകലാശാലകളിലെയും ഡോക്ടറേറ്റുകളാണ് വ്യാജമായി ചമച്ചത്
മോന്‍സന്‍ മാവുങ്കൽ
മോന്‍സന്‍ മാവുങ്കൽ


കൊച്ചി: പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന് 15 വ്യാജ ഡോക്ടറേറ്റുകള്‍. വിദേശ സര്‍വകലാശാലകളിലെയും രാജ്യത്തിനകത്തെ സര്‍വകലാശാലകളിലെയും ഡോക്ടറേറ്റുകളാണ് വ്യാജമായി ചമച്ചത്. വ്യാജ ഡോക്ടറേറ്റ് നിര്‍മിച്ചു നല്‍കിയ ആളെ പൊലീസ് തിരിച്ചറിഞ്ഞു. 

മോന്‍സന് വ്യാജ ഡോക്ടറേറ്റ് നിര്‍മിച്ചു നല്‍കിയ ആള്‍ സംസ്ഥാനത്തെ രണ്ടു ഉന്നത ഐപിഎസുകാര്‍ക്കും വ്യാജ ഡോക്ടറേറ്റ് സമ്മാനിച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം തുടങ്ങി.

രണ്ട് ഐപിഎസുകാര്‍ക്കും വ്യാജ ഡോക്ടറേറ്റ്

മോന്‍സന്റെ വ്യാജ ഡോക്ടറേറ്റുകളുടെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് രണ്ട് ഐപിഎസുകാര്‍ക്കും വ്യാജ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ടെന്നു മനസ്സിലാകുന്നത്. അതില്‍ ഒരാള്‍ സര്‍വീസില്‍ നിന്നു വിരമിച്ചു.

മോന്‍സന്‍ ബിരുദധാരി പോലുമല്ലെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ടുണീസിയയില്‍ നിന്നും ബ്രസീലില്‍ നിന്നുമുള്ള ഡോക്ടറേറ്റും സര്‍ട്ടിഫിക്കറ്റുകളും രാജ്യാന്തര സംഘടനകളുടെ പേരിലുള്ള അംഗീകാരങ്ങളും പൊലീസ് കണ്ടെത്തി. വേള്‍ഡ് ലിറ്റററി ഫോറം ഫോര്‍ പീസ് ആന്‍ഡ് ഹ്യൂമന്റൈറ്റ്‌സ് എന്ന സംഘടനയുടെ 'രാജ്യാന്തര സമാധാന സ്ഥാനപതി' പട്ടവും സ്വന്തമാക്കിയിരുന്നു.

ഡോക്ടര്‍ക്ക് പൊലീസ് സംരക്ഷണം

അതിനിടെ, മോന്‍സന്‍ മാവുങ്കിലിന് എതിരെയുള്ള പോക്‌സോ കേസിലെ ഇരയെ പരിശോധിച്ച ഡോക്ടര്‍ക്ക് ഹൈക്കോടതി പൊലീസ് സംരക്ഷണം അനുവദിച്ചു. പ്രതികളില്‍ നിന്നും കൂട്ടാളികളായ പൊലീസുകാരില്‍ നിന്നു സംരക്ഷണം തേടി കളമശേരി  മെഡിക്കല്‍ കോളജിലെ ഡോ. വി പ്രിയ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 

ഹര്‍ജിക്കാരിക്കു ഭീഷണി ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. നോട്ടിസ് നല്‍കാതെ ചോദ്യം ചെയ്യാന്‍ വിളിക്കരുത് എന്ന മുന്‍ഉത്തരവു തുടരുമെന്നും കോടതി വ്യക്തമാക്കി.  പരിശോധനയ്ക്കിടെ പെണ്‍കുട്ടിയെ പൊലീസ് ബലമായി കൊണ്ടുപോയെന്നും, പെണ്‍കുട്ടിയെ ബുദ്ധിമുട്ടിച്ചതായി ആരോപിച്ചു തന്നെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും കാണിച്ചാണ് ഡോക്ടര്‍ ഹര്‍ജി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com