എഐവൈഎഫിന് പുതിയ സാരഥികള്‍;  ടി ടി ജിസ്‌മോന്‍ സംസ്ഥാന സെക്രട്ടറി, എന്‍ അരുണ്‍ പ്രസിഡന്റ്

എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായി എന്‍ അരുണിനെയും സംസ്ഥാന സെക്രട്ടറിയായി ടി ടി ജിസ്‌മോനേയും തെരഞ്ഞെടുത്തു
ടി ടി ജിസ്‌മോന്‍, എന്‍ അരുണ്‍
ടി ടി ജിസ്‌മോന്‍, എന്‍ അരുണ്‍


കണ്ണൂര്‍: എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായി എന്‍ അരുണിനെയും സംസ്ഥാന സെക്രട്ടറിയായി ടി ടി ജിസ്‌മോനേയും തെരഞ്ഞെടുത്തു. കണ്ണൂരില്‍ നടക്കുന്ന 21-ാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 

എ ശോഭ, പ്രസാദ് പറേരി, കെ ഷാജഹാന്‍, വിനീത വിന്‍സന്റ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ശുഭേഷ് സുധാകര്‍, കെ കെ സമദ്‌, ആര്‍ ജയന്‍, എസ് വിനോദ് കുമാര്‍ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍. 

ആര്‍എസ് ജയന്‍, വിഎസ് അഭിലാഷ്,ആര്‍ റെനീഷ്,ശ്രീജിത് മുടുപ്പിലായി, കെ വി രജീഷ്, വെനി സ്റ്റാന്‍സി, ശ്രീജിത് എം, ജെ അരുണ്‍ബാബു, പി കബീര്‍ എന്നിവരെ സംസ്ഥാന എക്‌സിക്യൂട്ടൂവിലേക്കും തെരഞ്ഞെടുത്തു. 

പൊലീസിന് എതിരെ പ്രമേയം

ഇന്ന് അവസാനിച്ച സംസ്ഥാന സമ്മേളനത്തില്‍ പൊലീസിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. പൊലീസ് സേനയിലെ ചിലര്‍ കാണിക്കുന്ന മനുഷ്യവിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്ന് എഐവൈഎഫ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സത്യസന്ധമായി സേവനം നടത്തുന്ന നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്ള സേനയാണ് കേരള പൊലീസ്.  മാതൃകാപരമായ കുറ്റാന്വേഷണവും കേരള പൊലീസ് നടത്താറുണ്ട്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്കും നയങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ച് ഇടത് സര്‍ക്കാരിനെതിരെ പൊതുജനവികാരം ഉണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ പൊലീസ് സേനയിലെ ചിലര്‍ നടത്തുന്നുണ്ടോ എന്ന് സമീപകാല സംഭവങ്ങളില്‍ നിന്നും സംശയം ഉണരുന്നുണ്ട്. പൗരന്റെ സംരക്ഷണവും സുരക്ഷയും ഉറപ്പു വരുത്തുകയാണ് പൊലീസിന്റെ പ്രാഥമിക ചുമതല എന്നതിന്റെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ജനമൈത്രി പൊലീസ് സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കിയത്.എന്നാല്‍ കോവിഡ് കാലത്ത് ഉള്‍പ്പെടെ പൊലീസ് കാണിച്ച മനുഷ്യത്വരഹിതമായ നടപടികള്‍ ഏറെ പ്രതിഷേധം  ഉയര്‍ത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പല ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന സംഭവങ്ങളുമുണ്ടായി. മനുഷ്യാവകാശലംഘനങ്ങള്‍ക്ക് തുല്യമായ നടപടികള്‍ ഉള്‍പ്പെടെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത് പതിവ് ആവുകയാണ്. പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഇത്തരം ദുഷ്പ്രവണതകളും മനുഷ്യത്വ വിരുദ്ധ സമീപനങ്ങളും അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായ ക്രിയാത്മകമായ നടപടികള്‍ എടുക്കണമെന്നും എഐവൈഎഫ് ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

അട്ടപ്പാടിയിലെ ആദിവാസി മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതികളിലെ ക്രമക്കേടുകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുക, മതതീവ്രവാദ സംഘടനകളെ ഒറ്റപ്പെടുത്തുക, കേരളത്തില്‍ എയിംസ് അനുവദിക്കുക, പിഡബ്ല്യുഡി റോഡുകളില്‍ കയ്യേറ്റം കണ്ടെത്തി ഒഴിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുക, മരുന്ന് വിപണന മേഖലയില്‍ നടക്കുന്ന തീവെട്ടിക്കൊള്ളയ്ക്കും ചൂഷണത്തിനെതിരെ നിയമനിര്‍മാണം നടത്തുക, ലക്ഷദ്വീപ് കേരളത്തോട് ചേര്‍ക്കണം, അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കണം, സെക്രട്ടറിയേറ്റിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം, ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കുന്ന കൂട്ട പിരിച്ചുവിടല്‍ അവസാനിപ്പിക്കണം, സാന്ത്വനപരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകീകൃത രൂപം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗരേഖ കൊണ്ടുവരണം, കേരളത്തിലെ എല്ലാ സ്‌കൂളുകളിലും മാതൃഭാഷാ പഠനം നിര്‍ബന്ധമാക്കണം, എയ്ഡഡ് സ്‌കൂളുകളിലെയും കോളജുകളിലെയും മുഴുവന്‍ നിയമനങ്ങളും പിഎസ്‌സിക്ക് വിടണം തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയങ്ങളിലൂടെ ഉന്നയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com