കളമശ്ശേരി വാഹനാപകടം: കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നു; കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു; ബന്ധുക്കളുടെ ആക്ഷേപവും അന്വേഷിക്കുമെന്ന് കമ്മീഷണര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th December 2021 12:26 PM  |  

Last Updated: 04th December 2021 12:26 PM  |   A+A-   |  

car accident in edappally

അപകടത്തിൽ തകർന്ന കാർ/ ടെലിവിഷൻ ദൃശ്യം

 

കൊച്ചി: കൊച്ചി കളമശ്ശേരി പത്തടിപ്പാലത്ത് യുവതി മരിക്കാനിടയായ വാഹനാപകടത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു.  മൂന്നുപേരും മദ്യപിച്ചിരുന്നു. യുവതിയുടെ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ബന്ധുക്കള്‍ കൂടുതല്‍ ആക്ഷേപം ഉന്നയിച്ചാല്‍ അതും അന്വേഷിക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞു. 

അപകടത്തില്‍ മരിച്ച ആലുവ ചുണങ്ങംവേലി സ്വദേശി മന്‍ഫിയയുടെ കുടുംബം ഗുരുതര ആരോപണവുമായി രംഗത്തെത്തി. മകള്‍ക്ക് ഭീഷണി ഉണ്ടായിരുന്നതായാണ് അമ്മ നബീസ വെളിപ്പെടുത്തിയത്. മകളെ കൊല്ലുമെന്ന് കാമുകന്‍ ഭീഷണിപ്പെടുത്തിയിരുന്നു. അപകടം ഉണ്ടായശേഷം ഒരാള്‍ കാറില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടുവെന്നും നബീസ പറയുന്നു. നവംബര്‍ 30 ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ഇടപ്പള്ളി പത്തടിപ്പാലത്തിന് സമീപം മെട്രോപില്ലറില്‍ കാര്‍ ഇടിച്ചു മറിഞ്ഞാണ് കാറിലുണ്ടായിരുന്ന മന്‍ഫിയ മരിച്ചത്. 

ലഹരിപാർട്ടിയിൽ പങ്കെടുത്തവരെ ഉടൻ കസ്റ്റഡിയിലെടുക്കും

മോഡലുകള്‍ അപകടത്തില്‍ മരിച്ച കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചനൊപ്പം ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തവരെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍ സംഭാഷണങ്ങള്‍ക്ക് പുറമേ, ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ല. 

ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. ആരെയൊക്കെ അറസ്റ്റ് ചെയ്യും എന്നതടക്കം അന്വേഷണത്തിന്റെ ഭാഗമാണ്. പാര്‍ട്ടിയില്‍ ആരൊക്കെ പങ്കെടുത്തു, അവരുടെ റോള്‍ എന്താണ്?, മയക്കുമരുന്ന് സപ്ലയേഴ്‌സ് ആരാണ് ? ഇതെല്ലാം കണ്ടെത്തി അതിനനുസരിച്ചായിരിക്കും കേസ് എടുക്കുക. കേസ് എടുക്കുന്നത് ആദ്യ ചുവടുവെപ്പ് മാത്രമാണെന്നും കമ്മീഷണര്‍ പറഞ്ഞു.

ഫ്ലാറ്റുകളില്‍ പൊലീസ് പരിശോധന

സൈജു തങ്കച്ചന്റെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കൊച്ചിയിലെ  ഫ്ലാറ്റുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ലഹരിപാര്‍ട്ടികള്‍ നടന്നതായി വെളിപ്പെടുത്തിയ ഇന്‍ഫോ പാര്‍ക്കിന് സമീപത്തെ  ഫ്ലാറ്റുകളിലാണ് പരിശോധന നടത്തിയത്. ലഹരിവസ്തുക്കള്‍ കണ്ടെത്താന്‍ വൈദഗ്ധ്യം ലഭിച്ച ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയായിരുന്നു പരിശോധന. 

സൈജു തങ്കച്ചന്റെ മൊബൈല്‍ഫോണില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. പൊലീസ് പരിശോധന നടത്തിയ  ഫ്ലാറ്റുകളിലൊന്ന് സൈജു തങ്കച്ചന്റേതാണ്. അതിനിടെ, ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തു. ലഹരിപാര്‍ട്ടി നടന്ന പ്രദേശങ്ങളിലെ ഏഴു സ്റ്റേഷനുകളിലാണ് കേസെടുത്തത്. ഏഴു യുവതികള്‍ അടക്കം 17 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

അന്വേഷണസംഘം തിരിച്ചറിഞ്ഞു

സൈജുവിന്റെ മൊബൈല്‍ ദൃശ്യങ്ങളിലുള്ള ഇവരെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. ഇവരില്‍ പലരുടേയും മൊബൈല്‍ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നും പൊലീസ് സൂചിപ്പിച്ചു. കൊച്ചി കമ്മീഷണറേറ്റിന് കീഴില്‍ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സൈജുവിനെതിരെ 9 കേസുകള്‍ എടുത്തിട്ടുണ്ട്. ഇടുക്കി വെള്ളത്തൂവല്‍ പൊലീസും സൈജുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാട്ടുപോത്തിനെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാം സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വനംവകുപ്പിനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.