മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം കൊണ്ടുപോകാനാകുമോയെന്ന് തമിഴ്‌നാട്; അണക്കെട്ടില്‍ പരിശോധന; ഒന്നൊഴികെ എല്ലാ ഷട്ടറുകളും അടച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th December 2021 06:37 AM  |  

Last Updated: 04th December 2021 07:23 AM  |   A+A-   |  

mullaperiyar

ഫയൽ ചിത്രം

 

കുമളി: മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം കൊണ്ടു പോകാനാകുമോയെന്ന് തമിഴ്‌നാട്. ഇതിന്റെ ഭാഗമായി തമിഴ്‌നാട് സംഘം അണക്കെട്ടില്‍ പരിശോധന നടത്തി. തമിഴ്‌നാട് ജലവിഭവവകുപ്പ് ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കേരളത്തിലേക്ക് വെള്ളം തുറന്നു വിടുന്ന ഷട്ടറുകളും സംഘം പരിശോധിച്ചു. 

ബേബി ഡാമിന് സമീപം മരം മുറിക്കേണ്ട മേഖലയും തമിഴ്‌നാട് ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴുകയാണ്. അണക്കെട്ടില്‍ ഇപ്പോഴത്തെ ജലനിരപ്പ് 141.95 അടിയായാണ് കുറഞ്ഞത്. ഇതേത്തുടര്‍ന്ന് ഒരു ഷട്ടര്‍ ഒഴികെ മറ്റെല്ലാ ഷട്ടറുകളും തമിഴ്‌നാട് അടച്ചു. 

നിലവില്‍ തുറന്ന അഞ്ചു ഷട്ടറുകള്‍ കൂടാതെ, ഇന്നലെ രാത്രി പത്തുമണിയ്ക്ക്  രണ്ടുഷട്ടറുകള്‍ കൂടി തമിഴ്‌നാട് തുറന്നിരുന്നു. ഇതോടെ ഏഴു ഷട്ടറുകള്‍ വഴി സെക്കന്‍ഡില്‍ 5612 ഘനയടി വെള്ളമാണ് ഒഴുക്കിയത്. ഇതേത്തുടര്‍ന്ന് പെരിയാറിന്റെ കരയില്‍ താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. 

പ്രതിഷേധത്തിന് പുല്ലുവില

മുല്ലപ്പെരിയാര്‍ അണക്കെട്ട് രാത്രി തുറന്നു വിടുന്നതിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് എംകെ സ്റ്റാലിന് കത്തെഴുതിയിരുന്നു. രാത്രി അണക്കെട്ട് തുറക്കുന്നതില്‍ കേരളം തമിഴ്‌നാട് സര്‍ക്കാരിനെ പ്രതിഷേധവും അറിയിച്ചിരുന്നു. എന്നാല്‍ കേരളത്തിന്റെ പ്രതിഷേധത്തിന് പുല്ലുവില കല്‍പ്പിക്കാതെ അണക്കെട്ട് വീണ്ടും രാത്രി തുറന്നുവിടുകയായിരുന്നു.  

ആശങ്ക   അവഗണിച്ച്  തമിഴ്‌നാട് 

അണക്കെട്ട് തുറക്കുന്നതിന് അരമണിക്കൂർ മുമ്പ് മാത്രമാണ് തമിഴ്നാട് ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറക്കുന്നത് മൂലം ജനങ്ങൾ പരിഭ്രാന്ത്രിയിലാകുമെന്നും, പെരിയാർ തീരത്ത് താമസിക്കുന്നവരുടെ വീടുകളിൽ വെള്ളം കയറിയ കാര്യവും സർക്കാർ തമിഴ്നാടിനെ അറിയിച്ചിരുന്നു. മാത്രമല്ല രാത്രിയിൽ അണക്കെട്ട് തുറക്കുന്നതുമൂലം ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിലെ ബുദ്ധിമുട്ടുകളും അറിയിച്ചിരുന്നു. എന്നാൽ കേരളത്തിന്റെ ആശങ്കകളെല്ലാം   അവഗണിച്ച്  തമിഴ്‌നാട്   മുന്നോട്ടുപോകുകയാണ്