ഒമൈക്രോൺ; ഡിഎംഒമാർ പ്രതികരിക്കാൻ മുൻകൂർ അനുമതി വാങ്ങണം; നിർദ്ദേശവുമായി ആരോ​ഗ്യ വകുപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th December 2021 09:30 PM  |  

Last Updated: 04th December 2021 09:30 PM  |   A+A-   |  

veena george

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഒമൈക്രോൺ വിഷയത്തിൽ ഡിഎംഒമാർ മുൻകൂർ അനുമതി വാങ്ങി പ്രതികരിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം. കോഴിക്കോട് ഡിഎംഒ ഡോ. ഉമ്മർ ഫറൂഖിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് നിർദ്ദേശം. വിവരങ്ങൾ പുറത്തു പറയേണ്ടത് ആരോഗ്യ മന്ത്രിയോ ആരോഗ്യ ഡയറക്ടറോ മാത്രമാണെന്ന് നിർദ്ദേശത്തിൽ പറയുന്നു.

ഒമൈക്രോൺ വിഷയത്തിൽ അനാവശ്യ ഭീതി പരത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് ഡിഎംഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ബ്രിട്ടനിൽ നിന്നു വന്ന ആരോഗ്യ പ്രവർത്തകൻറെയും അമ്മയുടേയും സ്രവ സാംപിളുകൾ ജനിതക ശ്രേണി പരിശോധനയ്ക്കായി അയച്ച വിവരം വെള്ളിയാഴ്ചയാണ് ഡിഎംഒ വിശദീകരിച്ചത്.

21ന് യുകെയിൽ നിന്ന് വന്നയാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗിയുടെ അമ്മയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇരുവരും ചികിത്സയിലാണ്. ഇയാളുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി.‌ ഇയാൾക്ക് നാലു ജില്ലകളിൽ സമ്പർക്കമുണ്ട്. സമ്പർക്കപ്പട്ടികയിലുള്ളവരെയെല്ലാം കണ്ടെത്തി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും ഡിഎംഒ വ്യക്തമാക്കിയിരുന്നു.