സന്ദീപ് വധത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധവും; പ്രതികള്‍ ബിജെപിക്കാര്‍; പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടുകൂടിയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
കൊല്ലപ്പെട്ട പി ബി സന്ദീപ് കുമാര്‍
കൊല്ലപ്പെട്ട പി ബി സന്ദീപ് കുമാര്‍

പത്തനംതിട്ട: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഒന്നാംപ്രതി ജിഷ്ണുവിന് സന്ദീപിനോട് വ്യക്തിവൈരാഗ്യവും രാഷ്ട്രീയ വിരോധവും ഉണ്ടായിരുന്നെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേത്തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പ്രതികള്‍ക്ക് സന്ദീപിനോട് മുന്‍ വൈരാ​ഗ്യം

ഒന്നാം പ്രതി ജിഷ്ണു യുവമോര്‍ച്ച പ്രവര്‍ത്തകനാണ്. ഇയാളാണ് സന്ദീപിനെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചത്. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടുകൂടിയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണ്. പ്രതികള്‍ക്ക് സന്ദീപിനോട് മുന്‍ വൈരാഗ്യമുണ്ടായിരുന്നു. എന്നാല്‍ മുന്‍വൈരാഗ്യത്തിന്റെ കാരണം എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടില്ല. 

പ്രതികള്‍ കുറ്റം സമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കൊലപാതകം, വധഭീഷണി, അന്യായമായി സംഘംചേരല്‍ ഉള്‍പ്പെടെ എട്ട് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് സന്ദീപിനെ പ്രതികള്‍ കൊലപ്പെടുത്തിയത് എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പൊലീസ് നിലപാടിനെ വിമര്‍ശിച്ച സിപിഎം, സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. 

പ്രതികൾ ബിജെപി പ്രവർത്തകരെന്ന് എഫ്ഐആർ

ഇതിനു പിന്നാലെയാണ് പ്രതികൾ ബിജെപി പ്രവർത്തകരാണെന്ന് വ്യക്തമാക്കി പൊലീസ് എഫ്ഐആർ റജിസ്റ്റർചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പുത്തൻപറമ്പിൽ പി ബി സന്ദീപ് കുമാറിനെ (32) വീടിനു സമീപം വെച്ച് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ പ്രതികളായ ജിഷ്ണു, നന്ദു, പ്രമോദ് എന്നിവരെ വെള്ളിയാഴ്ച പുലർച്ചെ തന്നെ ആലപ്പുഴ കരുവാറ്റയിൽ നിന്നും അറസ്റ്റ് ചെയ്തത്. മറ്റു രണ്ടു പ്രതികളായ മുഹമ്മദ് ഫൈസൽ, വിഷ്ണു എന്നിവരെയും പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com