വാക്സീൻ എടുക്കാത്ത അധ്യാപകർ ആരൊക്കെ ?; ഇന്നറിയാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th December 2021 06:59 AM  |  

Last Updated: 04th December 2021 06:59 AM  |   A+A-   |  

sivankutty

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഇതുവരെയും കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഇന്ന് പുറത്തുവിടും. രാവിലെ ഒമ്പതു മണിയ്ക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് കണക്കു വിവരങ്ങൾ പുറത്തുവിടുന്നത്. വാക്സീൻ കുത്തിവയ്പ് എടുത്തിട്ടില്ലാത്ത അധ്യാപകരുടെയും സ്കൂളുകളിലെ അധ്യാപകേതര ജീവനക്കാരുടെയും പേരുവിവരങ്ങൾ വെളിപ്പെടുത്തുമെന്നാണ് മന്ത്രി നേരത്തെ പറഞ്ഞിരുന്നത്. 

എന്നാൽ അതിൽ നിന്നും പിന്നോട്ടുപോയ സർക്കാർ, വാക്സിൻ എടുക്കാത്ത അധ്യാപകരുടേയും അധ്യാപകേതര ജീവനക്കാരുടെയും കണക്കുകൾ മാത്രമേ പുറത്തുവിടൂ എന്നാണ് സൂചന. ഇനിയും വാക്സീൻ എടുക്കാത്തവരുടെ വിവരങ്ങൾ പൊതുസമൂഹം അറിയേണ്ടതാണെന്നും ജില്ല തിരിച്ചുള്ള കണക്കുകൾ ലഭിച്ചിട്ടുണ്ടെന്നുമാണ് മന്ത്രി ഇന്നലെ പറഞ്ഞത്. 

വാക്സീൻ എടുക്കാത്ത 5000 പേരുണ്ടെന്ന് മന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നെങ്കിലും അത്രയുമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്. 2600 പേരെന്നായിരുന്നു നവംബറിലെ കണക്ക്. വാക്സിൻ എടുക്കാത്തവർക്ക് കാരണക്കം കാണിക്കൽ നോട്ടീസ് നൽകി നടപടിയിലേക്ക് കടക്കാനാണ് സർക്കാർ നീക്കം. വാക്സിൻ എടുക്കാത്ത അധ്യാപകർ സ്കൂളിലേക്ക് വരേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിലപാട്.

വാക്സിൻ എടുക്കാത്തവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തേണ്ടെന്ന സർക്കാരിന്റെ പുതിയ തീരുമാനത്തിലും പ്രതിഷേധം ഉയരുന്നുണ്ട്. ഇപ്പോൾ പേരുകൾ പുറത്ത് വിടാൻ പറ്റില്ല എന്ന് പറയുമ്പോൾ, അതെന്ത് കൊണ്ട് എന്നറിയാനുള്ള അവകാശം നാടിനുണ്ടെന്ന് മന്ത്രിയുടെ സോഷ്യൽ മീഡിയ പേജിൽ വിമർശനം ഉയരുന്നുണ്ട്.