'കേരളത്തില്‍ കേള്‍ക്കരുതാത്ത മുദ്രാവാക്യം';  സ്വന്തം വളര്‍ച്ചയ്ക്ക് കലാപങ്ങളെയും സംഘര്‍ഷങ്ങളെയും ഉപയോഗിക്കുന്നു; ആര്‍എസ്എസിനെ കടന്നാക്രമിച്ച് പിണറായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2021 07:29 PM  |  

Last Updated: 05th December 2021 07:29 PM  |   A+A-   |  

pinarayi vijayan speech

പിണറായി വിജയൻ

 

കൊല്ലം: തലശ്ശേരിയിലെ സംഘ്പരിവാറിന്റെ വിദ്വേഷ മുദ്രാവാക്യങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.  കേരളത്തിന്റെ മതേതര സ്വഭാവം തകര്‍ക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. സംഘപരിവാര്‍ പ്രകടനത്തില്‍ കേരളത്തില്‍ കേള്‍ക്കരുതാത്ത മുദ്രവാക്യം മുഴക്കിയെന്നും പിണറായി പറഞ്ഞു. അഞ്ച് നേരത്തെ നമസ്‌കാരം നടത്താന്‍ അനുവദിക്കില്ലെന്നൊക്കെയാണ് മുദ്രാവാക്യം. ഇപ്പോള്‍ അത് നടപ്പാക്കാനാവില്ലെന്ന് സംഘ്പരിവാറിന് തന്നെ അറിയാം. എന്നാല്‍ വിദ്വേഷം കുത്തിവെക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി കൃഷ്ണപിള്ള സ്മാരക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയത പടര്‍ത്താനുള്ള ശ്രമമാണ് സംഘ്പരിവാര്‍ നടത്തുന്നത്. വസ്ത്രം ഭക്ഷണം തുടങ്ങിയവയിലും കടന്നാക്രമണം നടത്തുന്നു. നിലവില്‍ കേരളത്തില്‍ അതേല്‍ക്കില്ല. എന്നാല്‍ ഇത് വര്‍ഗീയത കുത്തിവെക്കലാണ്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന പ്രചാരണമാണ് നടക്കുന്നത്. ഇന്ത്യ - പാക് ക്രിക്കറ്റില്‍ ഇന്ത്യ തോറ്റാല്‍ അതും ആര്‍എസ്എസ് വര്‍ഗീയ പ്രചരണത്തിനായി ഉപയോഗിക്കുന്നു

ഹലാല്‍ വിവാദത്തിന്റെ പേരില്‍ വര്‍ഗീയത പരത്തുകയാണ്. ആ ഭക്ഷണരീതി പണ്ടേ ഉണ്ട്. പാര്‍ലമെന്റിലെ ഭക്ഷണത്തിലും ഹലാല്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ അതിന്റെ പേരില്‍ വര്‍ഗീയ മുതലെടുപ്പിനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാര്‍ പറയുന്നത് കോണ്‍ഗ്രസ് അതേപടി ആവര്‍ത്തിക്കുകയാണെന്ന് പിണറായി പറഞ്ഞു.