കടന്നുവന്ന വഴികള്‍ കല്ലും മുള്ളും നിറഞ്ഞത്; അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയേണ്ടി വന്നിട്ടുണ്ട്;  വെള്ളാപ്പള്ളി നടേശന്‍

വിമര്‍ശനങ്ങളിലൂടെ പലരും കുത്തിനോവിക്കാന്‍ ശ്രമിച്ചെങ്കിലും തളരാതെ മുന്നേറാന്‍ കഴിഞ്ഞത് നിങ്ങളുടെ കലവറയില്ലാത്ത സനേഹം കൊണ്ടാണ്.
രജതജൂബിലി ആഘോഷ ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ച് വെള്ളാപ്പള്ളി
രജതജൂബിലി ആഘോഷ ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ:  സമൂഹത്തിനോട് തനിക്ക് പറയാനുള്ളത് ഒന്നാകാന്‍ നന്നാവണമെന്നും, നന്നാവാന്‍ ഒന്നാകണമെന്നതുമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വെള്ളാപ്പള്ളി നടേശന്‍  യോഗത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കതിന്റെ ആഘോഷചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

25 വര്‍ഷത്തെ തന്റെ സേവനത്തെ പറ്റിയുളള മഹത് വ്യക്തികളുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അംഗീകാരത്തിന്റെ ആനന്ദവും സംംതൃപ്തിയുമുണ്ട്. ഇത് ഒരുവ്യക്തിക്ക് ലഭിച്ച അംഗീകാരമായിട്ടല്ല കാണുന്നതെന്നും ശ്രീനാരായണ ഗുരുദേവനെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിട്ടുളള ലക്ഷക്കണക്കിന് ഗുരുഭക്തരുടെ പ്രാര്‍ഥനയുടെയും കൂട്ടായ പരിശ്രമത്തിന്റെയും അംഗീകാരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. 1903ല്‍ പിറവിയെടുത്ത എസ്എന്‍ഡിപി യോഗത്തിന്റെ 27ാംമത് ജനറസല്‍ സെക്രട്ടറിയായാണ് 1996ല്‍ താന്‍ ചുമതലയേല്‍ക്കുന്നത്. ശ്വാശതികാനന്ദ സ്വാമികളാണ് ഇതിനായി തന്നെ നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരളീയ സമൂഹത്തിന്റെ സമഗ്രമായ മാറ്റത്തിനാണ് എസ്എന്‍ഡിപി യോഗം സാരഥ്യം വഹിച്ചത്. ആ പാരമ്പര്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് കര്‍മ്മ പദ്ധതി തയ്യാറാക്കിയത്. കടന്നുവന്ന വഴികള്‍ ഒട്ടും എളുപ്പമായിരുന്നില്ല. കല്ലും മുളളും നിറഞ്ഞതായിരുന്നു. ആ തടസങ്ങളെല്ലാം തട്ടി മാറ്റി വഴി എളുപ്പമാക്കിയത് തന്റെ സഹപ്രവര്‍ത്തകരാണ്. വിമര്‍ശനങ്ങളിലൂടെ പലരും കുത്തിനോവിക്കാന്‍ ശ്രമിച്ചെങ്കിലും തളരാതെ മുന്നേറാന്‍ കഴിഞ്ഞത് നിങ്ങളുടെ കലവറയില്ലാത്ത സനേഹം കൊണ്ടാണ്. സാമൂഹ്യനീതിക്ക് വേണ്ടിയുള്ള നിലയ്ക്കാത്ത ശബ്ദമാണ് യോഗത്തിന്റെ നാവില്‍ നിന്ന് ഉയരുന്നത്. അത് കേരളത്തിന്റെ മണ്ണില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വാക്കും കൊണ്ടും പ്രവര്‍ത്തി കൊണ്ടും ആരെയും നോവിക്കാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ സമൂഹനന്മയ്ക്കായി ചില അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയേണ്ടി വന്നിട്ടുണ്ട്. ഉളളകാര്യം ഉള്ളതുപോലെ പറയുന്നത് തന്റെ പ്രകൃതമാണ്.  താന്‍ സാധാരണക്കാരനാണ്. ഒരു കണ്ണ് ചിമ്മി തുറക്കുമ്പോള്‍ 25 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. പാവങ്ങളുടെ ജീവിത ദുരിതങ്ങള്‍ എന്നുമെന്നെ വേദനിപ്പിച്ചിട്ടുണ്ട്. ഇനിയും സമുദായത്തിനും പൊതുസമൂഹത്തിനും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. മുന്നോട്ടുള്ള യാത്രയില്‍ ആവേശം പകരുന്നതാണ് ഈ ചടങ്ങെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

രജതജൂബിലി ആഘോഷങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി പി. പ്രസാദ്, കെ. സുരേന്ദ്രന്‍, യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com