ഇത് അംഗീകരിച്ചാല്‍ സര്‍ക്കാരിനെ കയറൂരി വിടുന്നതിനു തുല്യം; ആശ്രിത നിയമനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

എംഎല്‍എമാരുടെ മക്കളുടെ ആശ്രിത നിയമനം അംഗീകരിച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കള്‍ക്കു വരെ ആശ്രിത നിയമനം നല്‍കുന്ന സാഹചര്യമുണ്ടാവുമെന്ന് ഹൈക്കോടതി
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

കൊച്ചി: എംഎല്‍എമാരുടെ മക്കളുടെ ആശ്രിത നിയമനം അംഗീകരിച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കള്‍ക്കു വരെ ആശ്രിത നിയമനം നല്‍കുന്ന സാഹചര്യമുണ്ടാവുമെന്ന് ഹൈക്കോടതി. ഇതു യോഗ്യരായ ഉദ്യോഗസ്ഥാര്‍ഥികളുടെ അവകാശ ലംഘനമാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്തരിച്ച ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം.

ഈ നിയമനം അംഗീകരിക്കുന്നതു സര്‍ക്കാരിനെ കയറൂരി വിടുന്നതിനു തുല്യമാകും. പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നതിലേയ്ക്കും അതിലൂടെ സാമൂഹിക വിവേചനങ്ങള്‍ക്കും വഴി തുറക്കുമെന്നും കോടതി പറഞ്ഞു. കേരള സര്‍വീസ് ചട്ടത്തില്‍ ഇതിന് അംഗീകാരമില്ല, നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ എംഎല്‍എമാരുടെ മക്കള്‍ക്ക് നിയമനം നല്‍കാനാവില്ലെന്നു വ്യക്തമായി പറയുന്നു. 

പൊതുമരാമത്ത് വകുപ്പിലാണ് കെകെ രാമചന്ദ്രന്‍ നായരുടെ മകന്‍ പ്രശാന്തിന് നിയമനം നല്‍കിയത്. എന്‍ജിനിയറിങ് ബിരുദധാരിയായ പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ചാണ് അസിസ്റ്റന്റ് എന്‍ജിനിയര്‍ തസ്ഥികയില്‍ നിയമിച്ചത്.  പാലക്കാട് സ്വദേശി അശോക് കുമാറിന്റെ ഹര്‍ജിയിലാണ്, ഹൈക്കോടതി നിയമനം റദ്ദാക്കിയത്. എംഎല്‍എ സര്‍ക്കാര്‍ ജീവനക്കാരന്‍ അല്ലാത്തതിനാല്‍ മകന് ആശ്രിത നിയമനത്തിന് വ്യവസ്ഥയില്ലെന്നും നിയമസഭാ സീറ്റ് ആവശ്യപ്പെടാതിരിക്കാന്‍ മകന് ജോലി നല്‍കുകയായിരുന്നു എന്നുമാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com