ഫോട്ടോഷൂട്ടിന് വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ് : ലോഡ്ജ് ഉടമയായ സ്ത്രീ അടക്കം മൂന്നു പ്രതികള്‍ കൂടി അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2021 11:08 AM  |  

Last Updated: 06th December 2021 11:08 AM  |   A+A-   |  

kakkanad gang rape : three more arrested

യുവതിയെ പീഡനത്തിനിരയാക്കിയ ലോഡ്ജ് / ടെലിവിഷൻ ദൃശ്യം

 

കൊച്ചി: കൊച്ചി കാക്കനാട് മോഡലിനെ ലഹരിമരുന്ന് നല്‍കി കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. ഒന്നാം പ്രതി അജ്മല്‍, മൂന്നാം പ്രതി ഷമീര്‍, നാലാം പ്രതി ക്രിസ്റ്റീന എന്നിവരാണ് പിടിയിലായത്. ക്രിസ്റ്റീനയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജില്‍ വെച്ചാണ് 27 കാരിയായ യുവതി പീഡനത്തിന് ഇരയായത്. 

യുവതിയെ പീഡിപ്പിച്ച ആലപ്പുഴ സ്വദേശി സലിം കുമാറിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഫോട്ടോഷൂട്ടിനെന്ന് പറഞ്ഞ് മലപ്പുറം സ്വദേശിനിയായ യുവതിയെ അജ്മല്‍ കൊച്ചിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നും രണ്ടും പ്രതികള്‍ യുവതിയെ പീഡിപ്പിച്ചു. 

പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനത്തിന് എല്ലാവിധ ഒത്താശകളും ലോഡ്ജുടമ ക്രിസ്റ്റീന ചെയ്തുകൊടുത്തുവെന്ന് പൊലീസ് പറഞ്ഞു.

ഇതിന് ശേഷമാണ് മൂന്നാം പ്രതി ഷമീര്‍ യുവതിയെ പീഡിപ്പിക്കുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വരെയാണ് യുവതി പീഡനത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു.യുവതിക്ക് ശീതള പാനീയങ്ങളിലും മദ്യത്തിലും മയക്കുമരുന്ന് നല്‍കി അര്‍ധമയക്കത്തിലാക്കിയ ശേഷമായിരുന്നു പീഡനം. 

പെണ്‍കുട്ടിയെ താമസിപ്പിച്ച് പീഡിപ്പിച്ച ക്രിസ്റ്റീന ഹോട്ടലിലെ 303 നമ്പര്‍ മുറിയും, അറസ്റ്റിലായ സലീം താമസിച്ചിരുന്ന 304 നമ്പര്‍ മുറിയും പൊലീസ് സീല്‍ ചെയ്തു.