വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിടുന്നത് തല്‍ക്കാലം നടപ്പാക്കില്ല; മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി സമസ്ത നേതാക്കള്‍

വഖഫിന്റെ കൈകാര്യം മതഭക്തരായ മുസ്ലിം സഹോദരന്മാരെയോ നേതാക്കളെയോ ഏല്‍പ്പിക്കണം. അത് ഒരു സമിതിക്ക് വിടുന്നത് ഗുണം ചെയ്യില്ല
സമസ്ത നേതാക്കൾ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷൻ ദൃശ്യം
സമസ്ത നേതാക്കൾ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷൻ ദൃശ്യം

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിട്ട നടപടി തല്‍ക്കാലം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതായി സമസ്ത നേതാക്കള്‍. പുതിയ നിയമം ധൃതിപിടിച്ച് നടപ്പാക്കില്ല.  പ്രയാസപ്പെടേണ്ടതായ ഒരു കാര്യവും ഉണ്ടാകില്ല. ഇക്കാര്യത്തില്‍ വിശാലമായ ചര്‍ച്ചയാകാമെന്നും മുഖ്യമന്ത്രി പറഞ്ഞുവെന്ന് സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസലിയാര്‍ വ്യക്തമാക്കി. 

വഖഫിന്റെ കൈകാര്യം മതഭക്തരായ മുസ്ലിം സഹോദരന്മാരെയോ നേതാക്കളെയോ ഏല്‍പ്പിക്കണം. അത് ഒരു സമിതിക്ക് വിടുന്നത് ഗുണം ചെയ്യില്ല. ഇപ്പോഴുള്ള നിയമത്തിന് മാറ്റം വരണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഒന്നുകൂടി ഇരുന്ന് സംസാരിച്ചശേഷം വ്യക്തമായ മറുപടി നല്‍കാം.  പ്രയാസപ്പെടേണ്ട ഒരു കാര്യവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ച് പറഞ്ഞുവെന്ന് ആലിക്കുട്ടി മുസലിയാര്‍ പറഞ്ഞു. 

വഖഫ് നിയമനം തല്‍ക്കാലം മരവിപ്പിക്കുന്നതായാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിന്നും മനസ്സിലാക്കിയത്. മരവിപ്പിച്ചു എന്ന് വ്യക്തമായി പറഞ്ഞില്ല. പകരം പെട്ടെന്ന് നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ആലിക്കുട്ടി മുസലിയാര്‍ പറഞ്ഞു. വഖഫ് നിയമനം പിഎസ് സിക്ക് വീട്ട തീരുമാനം പിന്‍വലിക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നാണ് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതെന്നും സമസ്ത നേതാക്കള്‍ വ്യക്തമാക്കി. ആശങ്ക തീരണമെങ്കില്‍ നിയമം റദ്ദു ചെയ്യപ്പെടേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ മറുപടി ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ഭാവി പരിപാടികള്‍ സമസ്തയുടെ ഉന്നത നേതാക്കള്‍ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ചര്‍ച്ചയ്ക്ക് ശേഷം സമസ്ത നേതാക്കള്‍ പറഞ്ഞു. സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. . 

ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വഖഫ് ബോര്‍ഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സര്‍ക്കാരിനെ അറിയിച്ചത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക വാശിയൊന്നുമില്ല എന്ന് മുഖ്യമന്ത്രി സമസ്ത നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ വിശദീകരിച്ചു.

ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തും.  തീരുമാനം  ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും. പിഎസ് സി ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തില്‍ പെടാത്തവര്‍ക്കും വഖഫ് ബോര്‍ഡില്‍ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്ന്  മുഖ്യമന്ത്രി മറുപടി നല്‍കി. അത്തരം ഒരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com