മുന്നാക്ക സര്‍വേ സ്‌റ്റേ ചെയ്യണം: എന്‍എസ്എസ് ഹൈക്കോടതിയില്‍

അശാസ്ത്രീയ സാംപിള്‍ സര്‍വേയാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജീ സുകുമാരന്‍ നായര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍/ ഫയല്‍
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍/ ഫയല്‍


കൊച്ചി: മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടത്തുന്ന സര്‍വേയ്‌ക്കെതിരെ നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്) ഹൈക്കോടതിയില്‍. അശാസ്ത്രീയ സാംപിള്‍ സര്‍വേയാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജീ സുകുമാരന്‍ നായര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. സര്‍വേ സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. 

മുന്നാക്കക്കാരിലെ യഥാര്‍ഥ പിന്നാക്കക്കാരെ കണ്ടെത്താന്‍ സാംപിള്‍ സര്‍വേ ഫലപ്രദമല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. യഥാര്‍ഥ പിന്നാക്കക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നഷ്ടമാവാന്‍ ഇത് ഇടവരുത്തും. പിന്നാക്കക്കാരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ സര്‍വേയില്‍ ഇല്ലെന്നും അതുകൊണ്ടുതന്നെ ഫലം കാണില്ലെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 

നേരത്തെ അശാസ്ത്രീയമായ സാംപിള്‍ സര്‍വേ നടപടികള്‍ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് എന്‍.എസ്.എസ് മുന്നാക്ക വിഭാഗ കമ്മിഷന് കത്തയച്ചിരുന്നു. 

കുടുംബശ്രീ വളന്റിയരെ ഉപയോഗിച്ചാണ് സര്‍വേ നടത്തുന്നത്. 20,000 തദ്ദേശ വാര്‍ഡുകളിലെ 5 വീടുകളില്‍ വീതം നേരിട്ടെത്തിയാണ് സര്‍വേ.

ആകെ ഒരു ലക്ഷം വീടുകളില്‍ നിന്നു ശേഖരിച്ച് അപ്പോള്‍ തന്നെ മൊബൈല്‍ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തി അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങള്‍ ഡിസംബര്‍ അവസാനത്തോടെ റിപ്പോര്‍ട്ടിന്റെ രൂപത്തിലാക്കും. ഇതില്‍ നിന്നു കണ്ടെത്തുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ മുന്നാക്ക സമുദായത്തിനു ലഭ്യമാക്കേണ്ട ആനുകൂല്യങ്ങളും പദ്ധതികളും നിര്‍ദേശിക്കുന്ന സമഗ്രമായ റിപ്പോര്‍ട്ട് ഫെബ്രുവരിയില്‍ കമ്മിഷന്‍ സര്‍ക്കാരിനു സമര്‍പ്പിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com