ഒമൈക്രോണ്‍ ആശങ്ക: കേരളത്തില്‍ മൂന്നുപേരുടെ ഫലം ഇന്ന് ലഭിച്ചേക്കും; രണ്ടുപേരുടെ സാംപിള്‍ കൂടി ജനിതക ശ്രേണീകരണത്തിന് അയച്ചു

സെര്‍ബിയയില്‍ നിന്നു കോഴിക്കോട്ടെത്തിയ പഞ്ചാബ് സ്വദേശിക്കും ഞായറാഴ്ച റഷ്യയില്‍ നിന്നെത്തിയ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഒമൈക്രോൺ ആശങ്ക നിലനിൽക്കെ, റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തി കോവിഡ് പോസിറ്റീവായവര്‍ ഉള്‍പ്പെടെ മൂന്നുപേരുടെ ജീനോം സീക്വന്‍സിങ് ഫലം ഇന്നറിഞ്ഞേക്കും. ബ്രിട്ടനില്‍നിന്നു കോഴിക്കോട്ടെത്തിയ ആരോഗ്യപ്രവര്‍ത്തകന്‍, ഇദ്ദേഹത്തിന്റെ അമ്മ, ജര്‍മനിയില്‍ നിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തമിഴ്‌നാട് സ്വദേശിനി  എന്നിവരുടെ ഫലം ഇന്നു വരുമെന്നാണ് കരുതുന്നത്. 

ബ്രിട്ടനില്‍ നിന്നും കോഴിക്കോടെത്തിയ ആരോഗ്യപ്രവര്‍ത്തകനുമായുള്ള സമ്പര്‍ക്കത്തിലാണ് അമ്മയ്ക്ക് കോവിഡ് പിടിപെട്ടത്. ഇവരെക്കൂടാതെ, ഇന്നലെ സെര്‍ബിയയില്‍നിന്നു കോഴിക്കോട്ടെത്തിയ പഞ്ചാബ് സ്വദേശിക്കും ഞായറാഴ്ച റഷ്യയില്‍ നിന്നും കൊച്ചിയിലെത്തിയ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാംപിളുകളും ജനിതകശ്രേണീകരണ പരിശോധനക്ക് അയച്ചിരിക്കുകയാണ്. 

മഹാരാഷ്ട്രയില്‍ 2 പേര്‍ക്കു കൂടി ഒമൈക്രോണ്‍

ഇതിനിടെ, മഹാരാഷ്ട്രയില്‍ 2 പേര്‍ക്കു കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കേസുകള്‍ 23 ആയി. ദക്ഷിണാഫ്രിക്ക, അമേരിക്ക  എന്നിവിടങ്ങളില്‍ നിന്നും മുംബൈയിലെത്തിയവര്‍ക്കാണ് ഇന്നലെ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം 10 ഒമൈക്രോണ്‍ കേസുകളായി. രാജസ്ഥാന്‍ (9), കര്‍ണാടക (2), ഗുജറാത്ത് (1), ഡല്‍ഹി (1) എന്നീ സംസ്ഥാനങ്ങളിലാണ് മറ്റുള്ള ഒമൈക്രോണ്‍ ബാധിതര്‍. 

അറ്റ് റിസ്‌ക് രാജ്യങ്ങളില്‍ നിന്നായി ഡസംബര്‍ അഞ്ചു വരെ 4480 യാത്രക്കാര്‍ എത്തിയതായി ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ ബാധിതര്‍ മഹാരാഷ്ട്രയിലാണ്. 10 പേര്‍. മുംബൈയ്ക്ക് പുറമെ പൂനെയിലെ പിംപ്രിയിലെത്തിയ മൂന്ന് നൈജീരിയക്കാര്‍, ഫിന്‍ലാന്‍ഡില്‍ നിന്നും പൂനെയില്‍ മടങ്ങിയെത്തിയ ഒരാള്‍ എന്നിവര്‍ക്കും ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. 

വ്യാപനം ഫെബ്രുവരിയില്‍ പാരമ്യത്തിലെത്തും

അതിനിടെ, രാജ്യത്ത് ഒമൈക്രോണ്‍ വകഭേദം വഴിയുള്ള കോവിഡ് വ്യാപനം ഫെബ്രുവരിയില്‍ പാരമ്യത്തിലെത്തുമെന്ന് മുന്നറിയിപ്പ്. പ്രതിദിനം ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനിടയുണ്ടെന്ന് ഐഐടി ഗവേഷകര്‍ വ്യക്തമാക്കി. എന്നാല്‍ മൂന്നാം തരംഗം, കോവിഡ് രണ്ടാം തരംഗത്തിന്റെ അത്രയും ഗുരുതരമാകില്ലെന്നും ഗവേഷകര്‍ പറയുന്നു. 

കോവിഡ് രണ്ടാം തരംഗത്തെ അപേക്ഷിച്ച് ഒമൈക്രോണ്‍ വ്യാപനത്തിന്റെ തോതും ആഘാതവും കുറവായിരിക്കുമെന്നും സ്ഥിതിവിവരക്കണക്കുകള്‍ അടിസ്ഥാനത്തിലുള്ള പ്രവചനം വ്യക്തമാക്കുന്നു. ഡെല്‍റ്റ വകഭേദം പോലെ ഒമൈക്രോണ്‍ അത്ര മാരകമാകില്ലെന്നാണ് നിലവിലെ സാഹചര്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഒമൈക്രോണ്‍ വ്യാപനം രൂക്ഷമായ ദക്ഷിണാഫ്രിക്കയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവില്ലെന്നും ഐഐടി ശാസ്ത്രജ്ഞനായ മനീന്ദ്ര അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com