റേഷന്‍കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം; 'തെളിമ'യില്‍ 15 വരെ അപേക്ഷിക്കാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2021 10:04 AM  |  

Last Updated: 07th December 2021 10:04 AM  |   A+A-   |  

ration card

ഫയല്‍ ചിത്രം

 

തിരുവനന്തപുരം : റേഷന്‍കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിന് 'തെളിമ' പദ്ധതിയില്‍ 15 വരെ അപേക്ഷ നല്‍കാം. ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനും അപേക്ഷിക്കാം. തെറ്റ് തിരുത്തലിനുള്ള അപേക്ഷകള്‍ റേഷന്‍കടകള്‍ക്ക് മുമ്പില്‍ സ്ഥാപിച്ചിട്ടുള്ള  തെളിമ ബോക്‌സുകളില്‍ നിക്ഷേപിക്കാവുന്നതാണ്.

കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഡാറ്റാ എന്‍ട്രിയില്‍ ഉണ്ടായ തെറ്റുകള്‍ തിരുത്താനും  പദ്ധതിയിലൂടെ സാധിക്കും. അംഗങ്ങളുടെ പേര്, ഇനിഷ്യല്‍, മേല്‍വിലാസം, തൊഴില്‍, കാര്‍ഡ് ഉടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകളും എല്‍പിജി വിവരങ്ങളിലെ തെറ്റുകളും തിരുത്താം. 

റേഷന്‍ കടകളിൽ  നിന്ന് ലഭിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം, അളവ് തുടങ്ങിയ വിവരങ്ങളും ലൈസന്‍സി, സെയില്‍സ്മാന്‍ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ക്ക് പദ്ധതിയിലൂടെ അധികൃതരെ  അറിയിക്കാം.

എന്നാല്‍ റേഷന്‍ കാര്‍ഡ് തരംമാറ്റല്‍, കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുളള വരുമാനം, വീടിന്റെ വിസ്തീര്‍ണം, വാഹനങ്ങളുടെ വിവരം എന്നിവയില്‍ മാറ്റം വരുത്താനുള്ള അപേക്ഷകള്‍ തെളിമ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല. അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും പൊതുവിതരണ വകുപ്പിന്റെ വെബ്സൈറ്റായ  https://ecitizen.civilsupplieskerala.gov.in/ വഴിയും കാര്‍ഡ് പുതുക്കാനുള്ള അപേക്ഷകള്‍ നല്‍കാം.