പ്രദീപിന് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി; റവന്യൂ മന്ത്രി വീട്ടിലെത്തി; സംസ്‌കാര ചടങ്ങുകള്‍ വൈകും

2018-ല്‍ കേരളം പ്രളയത്തെ നേരിടേണ്ടി വന്നപ്പോള്‍ നാടിന്റെ രക്ഷയ്ക്കായി സധൈര്യം പ്രയത്‌നിച്ച സൈനികനായിരുന്നു പ്രദീപ്
ഹലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന വാറന്റ് ഓഫീസര്‍ എ പ്രദീപ്
ഹലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന വാറന്റ് ഓഫീസര്‍ എ പ്രദീപ്


തിരുവനന്തപുരം:  സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി വ്യോമസേന വാറന്റ് ഓഫീസര്‍ എ പ്രദീപിന് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.'പ്രദീപിന്റെ വിയോഗം നമ്മളെയാകെ ദുഃഖത്തിലാഴ്ത്തുന്നു. 2018-ല്‍ കേരളം പ്രളയത്തെ നേരിടേണ്ടി വന്നപ്പോള്‍ നാടിന്റെ രക്ഷയ്ക്കായി സധൈര്യം പ്രയത്‌നിച്ച സൈനികനായിരുന്നു പ്രദീപ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും പ്രിയപ്പെട്ടവരുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നു. പ്രദീപിനു ആദരാഞ്ജലികള്‍' മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പ്രദീപിന്റെ വീട്ടിലെത്തി. സംസ്‌കാര ചടങ്ങുകളെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കോയമ്പത്തൂര്‍ കലക്ടറുമായും എയര്‍ഫോഴ്‌സ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നതായിം മന്ത്രി പറഞ്ഞു.  മരിച്ചവരുടെ ഡിഎന്‍എ പരിശോധന നടത്തേണ്ടതുണ്ട്. ഏതൊക്കെ സ്ഥലങ്ങളില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകുമെന്ന് വ്യക്തമല്ല.അതുകൊണ്ട് അന്ത്യകര്‍മങ്ങള്‍ സംബന്ധിച്ച് കൃത്യമായ സമയം പറയാനാകില്ലെന്ന് മന്ത്രി പറഞ്ഞു.

തൃശൂര്‍ പൊന്നൂക്കര സ്വദേശിയാണ് എ.പ്രദീപ്. ഡല്‍ഹിയില്‍ പ്രണാമം അര്‍പ്പിച്ച ശേഷമെ നാട്ടില്‍ എത്തിക്കൂവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. സഹോദരനും ബന്ധുക്കളും ഭൗതികശരീരം ഏറ്റുവാങ്ങാന്‍ തമിഴ്‌നാട്ടില്‍ പോയിരുന്നു. പക്ഷേ, ഡല്‍ഹിയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി കൊണ്ടുപോകുമെന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചത്. മൃതദേഹം പൊന്നൂക്കരയിലെ വീട്ടിലേക്ക് പിന്നീട് കൊണ്ടുവരും. പുത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. പാറമേക്കാവ് ശാന്തിഘട്ടിലാകും അന്ത്യചടങ്ങുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com