മകന്റെ പിറന്നാളാഘോഷം കഴിഞ്ഞ് നാലു ദിവസം മുൻപ് മടങ്ങി; ജീവനെടുത്ത് ഹെലികോപ്റ്റർ അപകടം, വേദനയായി പ്രദീപ്

ഹെലികോപ്റ്ററിൽ ഫ്ലൈറ്റ് ഗണ്ണർ ആയിരുന്നു സേനയിൽ വാറണ്ട് ഓഫീസറായിരുന്ന പ്രദീപ് സംഭവസ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

തൃശൂർ; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ ജീവനെടുത്ത കുണൂർ സൈനിക ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ മലയാളിയും. തൃശ്ശൂർ പുത്തൂരിനടുത്തുള്ള പൊന്നൂക്കര മൈമ്പിള്ളി ക്ഷേത്രത്തിനു സമീപം അറയ്ക്കൽ വീട്ടിൽ പ്രദീപാണ് (37) മരിച്ചത്.  ഹെലികോപ്റ്ററിൽ ഫ്ലൈറ്റ് ഗണ്ണർ ആയിരുന്നു സേനയിൽ വാറണ്ട് ഓഫീസറായിരുന്ന പ്രദീപ് സംഭവസ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു. 

നാട്ടിൽ നിന്ന് മടങ്ങിയത് നാലു ദിവസം മുൻപ്

കുടുംബത്തോടൊപ്പം കോയന്പത്തൂരിനടുത്തുള്ള സൂലൂർ വായുസേനാ ക്വാർട്ടേഴ്സിലായിരുന്നു താമസം. കുറച്ചുദിവസം മുമ്പ് മകന്റെ ജന്മദിനവും അച്ഛൻ രാധാകൃഷ്ണന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയിരുന്നു. മകന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞ് നാലുദിവസം മുമ്പാണ് മടങ്ങിയത്.

പ്രളയകാലത്ത് കേരളത്തിന് താങ്ങായി

പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പൂർത്തിയാക്കിയശേഷം 2002-ലാണ് വായുസേനയിൽ ചേർന്നത്. വെപ്പൺ ഫിറ്റർ ആയാണ് ആദ്യനിയമനം. പിന്നീട് എയർ ക്രൂ ആയി തെരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയിൽ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഢിലെ മാവോവാദികൾക്കെതിരായ സേനാ നീക്കം, ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയസമയത്തെ രക്ഷാദൗത്യം തുടങ്ങി അനേകം സേനാ മിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. 2018-ൽ കേരളത്തിലെ പ്രളയസമയത്ത് കോയമ്പത്തൂർ വ്യോമസേനാ താവളത്തിൽനിന്ന്‌ രക്ഷാപ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യർഹസേവനം കാഴ്ചവെച്ചു. ഭാര്യ: ശ്രീലക്ഷ്മി. മക്കൾ: ദക്ഷിൺദേവ്, ദേവപ്രയാഗ, അമ്മ: കുമാരി.

ബിപിൻ റാവത്തിന്റെ സംസ്കാരം നാളെ

ഇന്നലെ കുനൂരിലുണ്ടായ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പടെ 13 പേരാണ് മരിച്ചത്. ബിപിൻ റാവത്തിന്റെ  സംസ്കാരം നാളെ നടക്കും. ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിൻറെ മൃതദേഹം ഇന്ന് ഡൽഹിയിൽ എത്തിക്കും. ഹെലികോപ്റ്റർ അപകടത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് പാർലമെൻറിൽ വിശദമായ പ്രസ്താവന നടത്തും. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകുന്നേരത്തോടെ വ്യോമസേനയുടെ വിമാനത്തിലാണ് മൃതദേഹം ഡൽഹിയിലെത്തിക്കുക. വെള്ളിയാഴ്ച ഔദ്യോഗിക വസതിയിൽ രാവിലെ 11 മണി മുതൽ 2 മണി വരെ പൊതുദർശനത്തിന് വെക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com