'ക്ഷയിച്ചു കൊണ്ടിരിക്കുന്ന തറവാട്, നിത്യരോഗിയായ അച്ഛന്‍'; ഖസാക്കിന്റെ ഇതിഹാസം എം ടി എഴുതിയാല്‍ എങ്ങനെയിരിക്കും! ട്രോള്‍

മലയാളികള്‍ ഏറ്റവുംകൂടുതല്‍ വായിച്ച പുസ്തകങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ഒ വി വിജയന്‍ എഴുതിയ ഖസാക്കിന്റെ ഇതിഹാസം.
പുപ്പുടുവില്‍ വന്ന ട്രോളുകള്‍
പുപ്പുടുവില്‍ വന്ന ട്രോളുകള്‍


ലയാളികള്‍ ഏറ്റവുംകൂടുതല്‍ വായിച്ച പുസ്തകങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ഒ വി വിജയന്‍ എഴുതിയ ഖസാക്കിന്റെ ഇതിഹാസം. ഖസാക്കെന്ന ഗ്രാമവും രവിയും നൈസാമലിയുമൊക്കെ മലയാളികളുടെ ഹൃദയത്തില്‍ ആഴത്തില്‍ പരന്നുകിടക്കുന്ന കഥാപാത്രങ്ങളാണ്. ഖസാക്കിന്റെ ഇതിഹാസം എംടിയാണ് എഴുതിയതെങ്കില്‍ എങ്ങനെയായിരിക്കുമെന്ന് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പോട്ടെ, മാധവിക്കുട്ടിയുടെ എഴുത്തു ഭാഷയില്‍ രവി എങ്ങനെയായിരിക്കുമെന്ന് ആലോചിച്ചു നോക്കിയാലോ... അതുമല്ലെങ്കില്‍ പമ്മനാണ് എഴുതിയതെങ്കിലോ...

അങ്ങനെയൊരു വിചിത്ര ചിന്തയില്‍പ്പിറന്ന ട്രോളുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ നിറയുകയാണ്. പുസ്തക പ്രേമികളുടെ ട്രോള്‍ ഗ്രൂപ്പായ പുസ്തകപ്പുഴു ട്രോള്‍സ് (പുപ്പുടു)വിലാണ് ഈ ട്രോളുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്.

'ഖസാക്കിന്റെ ഇതിഹാസത്തെ മറ്റ് എഴുത്തുകാര്‍ എങ്ങനെയാകും എഴുതുക എന്ന വെറും കൗതുകത്തില്‍ ഉടലെടുത്ത പരീക്ഷണമാണ്. ഖസാക്കിന്റെ ഇതിഹാസത്തോടോ ഈ പറയുന്ന എഴുത്തുകാരോടോ യാതൊരു കാലുഷ്യവുമില്ല. ബഹുമാനം മാത്രേ ഉള്ളൂ.' എന്ന ആമുഖ കുറിപ്പോടെ മുജീബ് സുബൈര്‍ ആണ് ഈ ട്രോള്‍ പരമ്പരയ്ക്ക് തുടക്കമിട്ടത്. 

എംടി, പമ്മന്‍, ബഷീര്‍ തുടങ്ങി നിരവധി എഴുത്തുകാരുടെ ഖസാക്കിന്റെ ഇതിഹാസം വേര്‍ഷനും മുജീബ് പങ്കുവച്ചു. ഇതിന് പിന്നാലെ നിരവധിപേര്‍ ഇത് ഏറ്റുപിടിച്ച് രംഗത്തെത്തി. എംടിയില്‍ തുടങ്ങി ജി സുധാകരനില്‍ വരെ എത്തിനില്‍ക്കുകയാണ് ഖസാക്കിന്റെ ഇതിഹാസം മറ്റുള്ളവര്‍ എഴുതിയാല്‍ എങ്ങനെയിരിക്കുമെന്ന ട്രോളുകള്‍. 

പുപ്പുടുക്കാരുടെ ഭാവനയില്‍ ഖസാക്കിന്റെ ഇതിഹാസം മറ്റു സാഹിത്യകാര്‍ എഴുതിയാല്‍ ഇങ്ങനെയിരിക്കും: 

എംടിയുടെ ഖസാക്ക്

''ക്ഷയിച്ചു കൊണ്ടിരിക്കുന്ന തറവാട്, നിത്യരോഗിയായ അച്ഛന്‍.വേദനകള്‍ രവിയെ അവിടെ നിന്നും പുറത്തേക്ക് പായിച്ചു''

പമ്മന്‍ എഴുതിയാല്‍

''രണ്ടാനമ്മയുടെ തപ്തനിശ്വാസങ്ങള്‍ രവിയുടെ സിരകള്‍ക്ക് ചൂടു പിടിപ്പിച്ചു''

ഒരു ബഷീറിയന്‍ ഖസാക്ക്

തന്നെ കൊത്താനടുത്ത പാമ്പിനെ രവി അലിവോടെ നോക്കി. ച്ചിരിപ്പിടിയോളം ഉള്ള ഈ ഭൂമിയുടെ മറ്റൊരവകാശി. പ്രപഞ്ചങ്ങളുടെ നാഥാ... അയാള്‍ വിളിച്ചു.

കെ ആര്‍ മീര എഴുതിയാല്‍

''നൈസാമലി, മുങ്ങാങ്കോഴി, രവി, ഒരൊറ്റ പുരുഷനും മൈമൂനയെ അറിയാന്‍ കഴിഞ്ഞില്ല. പുരുഷന്റെ നിര്‍വചനത്തെക്കുറിച്ച് മൈമൂനയ്ക്ക് അറിയേണ്ടതുമില്ല. താനെന്ന സ്ത്രീയെ മാത്രം മൈമൂന അറിഞ്ഞു, ഉള്‍ക്കൊണ്ടു.''

ഖസാക്കിന്റെ ഇതിഹാസം മാധവിക്കുട്ടി എഴുതിയാല്‍

രണ്ടാനമ്മ രവിയില്‍, രവി പത്മയില്‍, നൈസാമലി മൈമൂനയില്‍, മൊല്ലാക്ക നൈസാമലിയില്‍ ഒക്കെ സ്‌നേഹമന്വേഷിച്ചു. അവരെല്ലാം അതിന്റെ പൂര്‍ണ്ണതയറിയാതെ അലഞ്ഞു നടന്നു. അപൂര്‍ണ്ണമായ സ്‌നേഹം അവരെ നോവിച്ചു''

മേതില്‍ എഴുതിയാല്‍

തന്റെ പാപശൃംഖലകളുടെ കിലുക്കം രവിയുടെ സ്‌റ്റേപിസില്‍ അനുരണനങ്ങളുയര്‍ത്തി. ഒരു കോസ്മിക് ഗൂഢാലോചനയിലെ ഒരു കണ്ണിയാണു താനെന്ന ബോധം അവന്റെ സെറിബെല്ലത്തെ അലോസരപ്പെടുത്തി. താന്‍ നടന്ന ദൂരം താനായി മാറിയതോര്‍ത്ത് രവി അദ്ഭുതപ്പെട്ടു''

കുഞ്ഞുണ്ണിമാഷ് എഴുതിയാല്‍

ചെതലിയൊരു മല
മലയിലൊരാല്‍
ആലിലൊരില

ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയാല്‍

എങ്ങുമൊടുങ്ങാത്തഗമ്യഗമനാസക്തികള്‍ 
തൂങ്ങിമരിച്ച പള്ളിപ്പറമ്പുകളില്‍
പാപബോധത്തിന്‍ കിരീടവും ചൂടി രവി
തേടിയലഞ്ഞത് മോക്ഷമോ ദംശനമോ?

ഖസാക്ക് ചങ്ങമ്പുഴ എഴുതിയാല്‍

ചെതലിച്ചെരുവിലെ സ്‌കൂളുകാണാന്‍
ഞാനും വരട്ടെയോ നിന്റെ കൂടെ
പാടില്ല പാടില്ല രണ്ടാനമ്മേ
പാടേ മറന്നൊന്നും ചെയ്തു കൂടാ

ഖസാക്ക് ഇടപ്പള്ളി എഴുതിയാല്‍

പിരികയാണിതാ ഞാനിന്നൊരു 
നൈസാമലി
കരയുവാനായി പിറന്നോരു
കാമുകന്‍

സച്ചിദാനന്ദന്റെ ഭാഷയില്‍

ഖസാക്കിലേത് ഒരു തുറുകണ്ണന്‍ സമയമാണ്
മുങ്ങാങ്കോഴിയെ വെള്ളമെടുത്തു
മൊല്ലാക്കയ്ക്ക് അര്‍ബുദമാണ് 
കുഞ്ഞുങ്ങളെ വസൂരിയുമെടുത്തു
രവി വരാനായി
ഒരു പാമ്പ് വിഷം ശേഖരിക്കുന്നു

ഖസാക്ക് ആനന്ദ് എഴുതിയാല്‍ 

എസ്റ്റാബ്ലിഷ്‌മെന്റുകളുടെ മറ്റൊരജണ്ടയാണ് ഇ വിദ്യാലയമെന്നും താനവരുടെ മറ്റൊരു കരു മാത്രമാണെന്നും രവി  തിരിച്ചറിഞ്ഞു

ഖസാക്ക് എം മുകുന്ദന്‍ എഴുതിയാല്‍ 

ആ ഏകാധ്യാപക വിദ്യാലത്തില്‍ ഫ്രഞ്ചധ്യാപകനായി രവി ചെതലിമല കടന്നുവന്നു. അവനെ പൊതിഞ്ഞുനിന്ന അസ്തിത്വ വിഷാദം പോലെ ചെതലിയില്‍ മൂടല്‍ മഞ്ഞു പടര്‍ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com