തൃശൂരില്‍ 35 കിലോമീറ്റര്‍ വൈറ്റ് ടോപ്പിങ് റോഡ്, ആധുനിക സാങ്കേതിക വിദ്യയില്‍ നിര്‍മാണം

കൊടുങ്ങല്ലൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ ഉള്‍പ്പെടുന്ന 35 കിലോമീറ്റര്‍ വരുന്ന റോഡാണ് വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യയില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: റീബില്‍ഡ് കേരളയുടെ ഭാഗമായി കൊടുങ്ങല്ലൂര്‍ മുതല്‍ കൂര്‍ക്കഞ്ചേരി വരെയുള്ള റോഡ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്യുന്നു. കൊടുങ്ങല്ലൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ ഉള്‍പ്പെടുന്ന 35 കിലോമീറ്റര്‍ വരുന്ന റോഡാണ് വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യയില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നത്. 

സുരക്ഷിതമായ ഗതാഗതം ഒരുക്കുക എന്നതിനൊപ്പം പ്രളയത്തെ അതിജീവിക്കുന്ന വിധത്തിലുമാണ് റോഡ് നിര്‍മ്മാണം. 2021 സെപ്റ്റംബറിലാണ് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചത്. രണ്ട് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കും. ലോകബാങ്ക് സഹായത്തോടെ 202 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. കെ.എസ്.ടി.പി.ക്കാണ് നിര്‍മ്മാണച്ചുമതല. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഗവര്‍ എന്ന സ്ഥാപനമാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 

ഏഴര മീറ്റര്‍ വീതിയില്‍ 45 സെന്റിമീറ്റര്‍ കനത്തിലാണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാന്‍ 25 കേന്ദ്രങ്ങളില്‍ റോഡിന്റെ ഉയരം കൂട്ടും. ഉയരം കൂട്ടുന്നതിന്റെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ മുതല്‍ വര്‍ക്ക് ഷോപ്പ് ജംഗ്ഷന്‍ വരെ കാനനിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

കണിമംഗലം, പുത്തന്‍തോട് പാലങ്ങള്‍, ഏഴ് ചെറിയ പാലങ്ങള്‍, 59 കലുങ്കുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി പുനര്‍നിര്‍മിക്കും. ഇരുവശങ്ങളിലുമായി 46 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഇതിന്റെ ഭാഗമായി നിര്‍മിക്കുന്നുണ്ട്. ഏഴര മീറ്റര്‍ വീതി റോഡിന് ലഭിക്കത്തക്കവിധം വൈദ്യുതിത്തൂണുകള്‍, കുടിവെള്ള പൈപ്പുകള്‍, കേബിള്‍ വയറുകള്‍ എന്നിവയും മാറ്റിസ്ഥാപിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com