വീട്ടിലിട്ടു തുരുതുരേ വെട്ടി, ശരീരത്തില്‍ നൂറിലേറെ മുറിവുകള്‍; തിരുവനന്തപുരത്തെ വീണ്ടും നടുക്കി കൊലപാതകം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th December 2021 07:16 PM  |  

Last Updated: 11th December 2021 07:16 PM  |   A+A-   |  

tvm_attack

വെട്ടിയെടുത്ത കാലുമായി പോകുന്ന അക്രമികള്‍/സിസിടിവി ദൃശ്യം


തിരുവനന്തപുരം: പോത്തന്‍കോട് അക്രമിസംഘം വീട്ടില്‍ കയറി വെട്ടിയ യുവാവ് മരിച്ചു. പോത്തന്‍കോട് കല്ലൂര്‍ സ്വദേശി സുധീഷാണ് (35) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. 

ബൈക്കിലും ഓട്ടോയിലുമായി എത്തിയ പന്ത്രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഘത്തെ കണ്ട് വീട്ടിലേക്ക് ഓടിക്കയറിയ സുധീഷിനെ പിന്തുടര്‍ന്നെത്തി വെട്ടുകയായിരുന്നു. സുധീഷിന്റെ കാലുവെട്ടിമാറ്റി റോഡിലെറിഞ്ഞു. പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് റണ്ടരയോടെ ആയിരുന്നു സംഭവം. സുധീഷിന്റെ ശരീരത്തില്‍ നൂറിലേറെ വെട്ടുകളുണ്ട്. 


ഗുണ്ടാസംഘത്തെ ഭയന്നു ബന്ധുവീട്ടിലേക്കാണ് സുധീഷ് ഓടിക്കയറിയത്. വീടിന്റെ ജനലുകളും വാതിലുകളും തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷമായിരുന്നു ആക്രമണം. 

സുധീഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു.