മന്ത്രി റിയാസിനെതിരെ മോശം പരാമര്‍ശം; മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ്

മന്ത്രി റിയാസിനെതിരെ മോശം പരാമര്‍ശം; മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സംഭവത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിക്കെതിരെ കേസ്. പരപ്പനങ്ങാടി സ്വദേശി മുജീബിന്റ പരാതിയിലാണ് കോഴിക്കോട് വെളളയില്‍ പൊലീസിന്റെ നടപടി. വ്യാഴാഴ്ച കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയിലായിരുന്നു ലീഗ് നേതാവിന്റെ അധിക്ഷേപകരമായ പരാമര്‍ശം.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതിനെതിരായി കോഴിക്കോട് മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിയില്‍ വച്ചായിരുന്നു വിവാദ പരാമര്‍ശം. റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നുമാണ് പൊതുവേദിയില്‍ അബ്ദുറഹ്മാന്‍ കല്ലായി പറഞ്ഞത്. 

'മുന്‍ ഡിവൈഎഫ്‌ഐ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ. അത് വിവാഹമാണോ. വ്യഭിചാരമാണ്. അത് പറയാന്‍ തന്റേടം വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം'- എന്നായിരുന്നു അബ്ദുറഹ്മാന്‍ കല്ലായി പറഞ്ഞത്.  

സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക സ്വാതന്ത്ര്യം സുപ്രീം കോടതി അംഗീകരിച്ചപ്പോള്‍ അതിനെ ആദ്യം പിന്തുണച്ചത് ഡിവൈഎഫ്‌ഐയാണ്. ഇഎംഎസും എകെജിയുമില്ലാത്ത സ്വര്‍ഗം വേണ്ട എന്നു പറയുന്നവര്‍ കാഫിറുകളാണ്. ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ച് നിന്നാലും ലീഗിന്റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ല. ലീഗ് എന്നും സമുദായത്തിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com