എല്ലാ ജില്ലകളിലും തൊഴില്‍ മേളകള്‍; എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th December 2021 05:26 PM  |  

Last Updated: 11th December 2021 05:26 PM  |   A+A-   |  

sivankutty

നിയുക്തി തൊഴില്‍മേള ഉദ്ഘാടനം

 

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കരിയര്‍ നയം കൊണ്ടുവരുമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തെ എല്ലാ വിധ കരിയര്‍ ഡെവലപ്‌മെന്റ് പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുക, സംസ്ഥാന കരിയര്‍ ഡെവലപ്‌മെന്റ് മിഷന്‍ രൂപീകരിക്കുക, പഠനം പൂര്‍ത്തിയാക്കിയ എല്ലാവരെയും ഘട്ടംഘട്ടമായി തൊഴില്‍ മേഖലയില്‍ എത്തിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. നിയുക്തി തൊഴില്‍മേള - 2021 ന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞ പ്രകാരം തൊഴില്‍ ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാ ജില്ലകളിലും തൊഴില്‍ മേളകള്‍ സംഘടിപ്പിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെയാണ് തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത്.

ഐടി, ടെക്‌സ്‌റ്റൈല്‍, ജ്വല്ലറി, ഓട്ടോമൊബൈല്‍സ്, അഡ്മിനിസ്‌ട്രേഷന്‍, മാര്‍ക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത്‌കെയര്‍ എന്നിവയിലേതടക്കമുള്ള പ്രമുഖ കമ്പനികള്‍ തൊഴില്‍മേളകളില്‍ പങ്കെടുക്കുന്നുണ്ട്. സ്വകാര്യ മേഖലയിലെ തൊഴില്‍ദാതാക്കളേയും ഉദ്യോഗാര്‍ത്ഥികളേയും ഒരേ വേദിയില്‍ കൊണ്ടുവന്ന് പരമാവധി തൊഴില്‍ നേടിയെടുക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മെഗാ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത്.

കേരളത്തിലെ സാമ്പ്രദായിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ ഇലക്ട്രോണിക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആക്കുക എന്ന ലക്ഷ്യത്തോടുകൂടി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലന്വേഷകരുടെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് ഓണ്‍ലൈന്‍ സോഫ്റ്റ്വെയര്‍ വികസിപ്പിക്കുകയും വെബ്‌സൈറ്റ് വഴി തൊഴിലന്വേഷകര്‍ക്ക് വിവരങ്ങള്‍ ലഭ്യമാകുന്ന തരത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സേവനങ്ങള്‍ തൊഴിലന്വേഷകരുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ എന്‍ ഐ സി യുടെ സഹായത്തോടെ തയ്യാറാക്കിയ മൊബൈല്‍ അപ്ലിക്കേഷന്റെ ഉദ്ഘാടനവും മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു.