മോഷണ മുതൽ വിറ്റ് ആഡംബര ജീവിതം, ലഹരി; ഷട്ടർ പൊളിച്ച് മൈബൈൽ ഷോപ്പിൽ കവർച്ച; യുവതിയടക്കം മൂന്ന് പേർ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th December 2021 07:13 PM  |  

Last Updated: 11th December 2021 07:13 PM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം

 

കൊച്ചി: മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ കേസിൽ രണ്ട് കുപ്രസിദ്ധ മോഷ്ടാക്കൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. പെരുമ്പാവൂർ ഭജനമഠത്തിന് സമീപമുള്ള മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ കേസിലാണ് സംഘം പിടിയിലായത്. തൃശ്‌നാപ്പിള്ളി അണ്ണാനഗറിൽ  അരുൺ കുമാർ (28), തിരൂർ കൂട്ടായി കാക്കോച്ചിന്റെ പുരിക്കൾ വീട്ടിൽ സഫ്‌വാൻ (31 ), അരുൺ കുമാറിന്റെ ഭാര്യ നെല്ലിക്കുഴി പ്ലാംകുടിവീട്ടിൽ സാമിനി (28) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ മാസം അഞ്ചിന് പുലർച്ചെയാണ് മൊബൈൽ ഷോപ്പിൽ സംഘം ഷട്ടർ പൊളിച്ച് അകത്തു കയറി മോഷണം നടത്തിയത്. 37 വില കൂടിയ മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ടോർച്ച്, മെമ്മറി കാർഡുകൾ എന്നിവയാണ് കവർന്നത്. തുടർന്ന് സംഘം ഒളിവിൽ പോയി.

ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് ടീം എടപ്പാൾ, താനൂർ, നേര്യമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്നു പതിമൂന്ന് ഫോൺ, സ്മാർട്ട് വാച്ച്, ടോർച്ച് എന്നിവ പലയിടങ്ങളിൽ നിന്നായി കണ്ടെടുത്തു. മോഷണ വസ്തുക്കൾ പല സ്ഥലങ്ങളിലായി വിറ്റിരിക്കുകയാണ്.

മോഷണ മുതൽ സൂക്ഷിച്ചതിനാണ് സാമിനിയെ അറസ്റ്റ് ചെയ്തത്. അരുൺകുമാർ ഇരുപത്തിയഞ്ചോളം മോഷണക്കേസുകളിലും സഫ്വാൻ ഇരുപതോളം കേസുകളിലും പ്രതിയാണ്. പകൽ ബൈക്കുകളിൽ സ്ഥാപനങ്ങളിൽ എത്തി നിരീക്ഷണം നടത്തി രാത്രി മോഷണം നടത്തലാണ് ഇവരുടെ രീതി. മോഷണ മുതൽ വിറ്റ് കിട്ടുന്ന തുക ആഡംബര ജീവിതത്തിനും മയക്കുമരുന്നിനുമാണ് ചെലവഴിക്കുന്നത്. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.