നാടൊഴുകിയെത്തി, പ്രദീപിന് അന്ത്യയാത്രാമൊഴിയേകാന്‍; വികാരനിര്‍ഭര യാത്രയയപ്പ് ( വിഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th December 2021 03:41 PM  |  

Last Updated: 11th December 2021 03:41 PM  |   A+A-   |  

Tribute to Airforce officer Pradeep

പ്രദീപിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു/ ചിത്രം എ : സനേഷ് ( ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്)

 

തൃശൂര്‍: ഊട്ടിയിലെ കൂനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ധീരസൈനികന് ആദരവര്‍പ്പിച്ച് ജന്മനാട്. പൂത്തൂരിലെ ഗവണ്‍മെന്റ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച വ്യോമസേന വാറന്റ് ഓഫീസര്‍ എ പ്രദീപിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാടൊന്നാകെ ഒഴുകിയെത്തി. കോയമ്പത്തൂര്‍ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും റോഡു മാര്‍ഗം വിലാപയാത്രയായാണ് മൃതദേഹം നാട്ടിലെത്തിച്ചത്. 

സംസ്ഥാന അതിര്‍ത്തിയായ വാളയാറില്‍ വെച്ച് മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, കെ രാധാകൃഷ്ണന്‍, കെ രാജന്‍ എന്നിവര്‍ ചേര്‍ന്ന് ഭൗതികദേഹം ഏറ്റുവാങ്ങി. ഇവര്‍ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് നേരെ മൃതദേഹം പ്രദീപ് പഠിച്ച പുത്തൂർ ഗവൺമെന്റ് സ്കൂളിലേക്കാണ് മൃതദേഹം  കൊണ്ടുവന്നത്. 

ഇവിടെ ജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാനായി ഒരു മണിക്കൂർ പൊതുദർശനത്തിനു വെക്കും. ഇതിനുശേഷം പ്രദീപിന്റെ വീട്ടിലേക്കു കൊണ്ടുപോകും. സംസ്കാരം വൈകിട്ട് 5.30ന് തൃശൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും. വിലാപയാത്ര കടന്നുപോയപ്പോൾ  ദേശീയപാതയുടെ ഇരുവശത്തും ആദരാഞ്ജലികൾ അർപ്പിക്കാൻ ദേശീയപതാകയുമായി നിരവധിപേരാണ് കാത്തുനിന്നത്.

ഡൽഹിയിൽനിന്നു പ്രത്യേക വിമാനത്തിൽ രാവിലെ 11 മണിയോടെയാണ് പ്രദീപിന്റെ മൃതദേഹം സുലൂർ വ്യോമതാവളത്തിൽ എത്തിച്ചത്. ഡൽഹിയിൽ നിന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ മൃതദേഹത്തെ അനു​ഗമിച്ചു. മൃതദേഹം സുലൂരിലെത്തിച്ചപ്പോൾ തൃശൂർ എംപി ടി എൻ പ്രതാപൻ അവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് മുരളീധരനും പ്രതാപനും വിലാപയാത്രയെ അനു​ഗമിച്ചു. 

അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. 2004ലാണ് പ്രദീപ് വ്യോമസേനയിൽ ചേർന്നത്. പിന്നീട് എയർ ക്രൂ ആയി തെരഞ്ഞെടുക്കപ്പെടുകയും കശ്മീർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷനുകളിലും പങ്കെടുത്തിട്ടുണ്ട്.

തൃശൂര്‍ പുത്തൂര്‍ പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനാണ് 37 കാരനായ പ്രദീപ്.കോയമ്പത്തൂരില്‍ നിന്നും പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയും മക്കളും കഴിഞ്ഞ ദിവസം തന്നെ പൊന്നുകരയിലെ വീട്ടില്‍ എത്തിയിരുന്നു. ഏഴു വയസ്സുകാരന്‍ ദക്ഷിണ്‍ ദേവ്, രണ്ടു വയസ്സുള്ള ദേവപ്രയാഗ് എന്നിവരാണ് പ്രദീപിന്റെ മക്കള്‍. 

രാജ്യത്തെ ഞെട്ടിച്ച ദുരന്തം

വ്യോമസേന വാറന്റ് ഓഫീസറായ പ്രദീപ് 2004ലാണ് പ്രദീപ് വ്യോമസേനയില്‍ ചേര്‍ന്നത്. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്‌ലൈറ്റ് ഗണ്ണറായിരുന്നു. ഹെലികോപ്ടര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക, പ്രദീപ് എന്നിവരടക്കം 14 പേരില്‍ 13 പേരും മരിച്ചു.