കാലടി പാലം നാളെ അടയ്ക്കും, കാൽനട യാത്രയ്ക്കും നിരോധനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2021 08:07 AM  |  

Last Updated: 12th December 2021 08:07 AM  |   A+A-   |  

kalady_bridge

ചിത്രം: ഫേസ്ബുക്ക്

 

കൊച്ചി; കാലടി ശ്രീശങ്കര പാലം നാളെ അർധരാത്രി മുതൽ അടയ്ക്കും. 14 മുതൽ 3 ദിവസം പാലത്തിലൂടെയുള്ള കാൽനട യാത്രയും അനുവദിക്കില്ല. 18 വരെയാണ് ​ഗതാ​ഗതം പൂർണമായി നിരോധിച്ചിരിക്കുന്നത്. 19 മുതൽ 21 വരെ നിയന്ത്രിത തോതിലുള്ള ​ഗതാ​ഗതം അനുവദിക്കും. പാലം അപകടാവസ്ഥയിലാണെന്ന ആശങ്കയ്ക്കിടയിലാണ് പരിശോധനകൾക്കായി ​ഗതാ​ഗതം പൂർണമായി നിരോധിക്കുന്നത്.

മൂന്നു ദിവസം കഴിഞ്ഞ് കാൽനട യാത്ര പറ്റുമോ എന്നുള്ളത് പണികളുടെ പുരോ​ഗതി വിലയിരുത്തിയാവും തീരുമാനിക്കുക. രാത്രിയിലും സാങ്കേതിക പരിശോധന തുടരുന്നതിനാൽ 24 മണിക്കൂറും ഗതാഗതം പൂർണമായും നിരോധിക്കും. പാലം അടയ്ക്കുന്നതിനാൽ വണ്ടികൾ വഴിതിരിച്ചുവിടുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. 

വഴിതിരിഞ്ഞു പോകേണ്ടത് ഇങ്ങനെ

അങ്കമാലി ഭാഗത്തു നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ആലുവയിലെത്തി അവിടെ നിന്നും ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലൂടെ പെരുമ്പാവൂരിലെത്തി യാത്ര തുടരാവുന്നതാണ്. അങ്കമാലി ഭാഗത്തു നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മറ്റൂർ ജംഗ്ഷനിലോ കാലടി ജംഗ്ഷനിലോ ഇടത്തോട്ട് തിരിഞ്ഞു കാലടി മലയാറ്റൂർ റോഡിലൂടെ സഞ്ചരിച്ചു മലയാറ്റൂർ കോടനാട് പാലം, കോടനാട് വല്ലം റോഡ് വഴി വല്ലം ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് പെരുമ്പാവൂർ ഭാഗത്തേക്ക് യാത്ര തുടരാവുന്നതാണ്.

മൂവാറ്റുപുഴ ഭാഗത്തുനിന്നും അങ്കമാലി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പെരുമ്പാവൂരിൽ ഇടത്തോട്ട് തിരിഞ്ഞ് ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലൂടെ ആലുവയിൽ എത്തി അങ്കമാലി വഴി യാത്ര തുടരാവുന്നതാണ്. മൂവാറ്റുപുഴ ഭാഗത്തു നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വല്ലം ജംഗ്ഷനിൽ വലത്തോട്ട് തിരിഞ്ഞ് വല്ലം കോടനാട് റോഡിലൂടെ മലയാറ്റൂർ - കോടനാട് പാലം ,കാലടി - മലയാറ്റൂർ റോഡ് വഴി കാലടി ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് യാത്ര തുടരാവുന്നതാണ്.

മൂവാറ്റുപുഴ ഭാഗത്തുനിന്നും എയർപോർട്ടിലേക്ക് വരേണ്ട വാഹനങ്ങൾ പെരുമ്പാവൂരിൽ ഇടത്തോട്ടു തിരിഞ്ഞ് ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലൂടെ വന്ന് മഹിളാലയം - തുരുത്ത് പാലം കടന്ന് വലത്തോട്ട് കാലടി ആലുവ റോഡ് , ചൊവ്വര -നെടുവന്നൂർ - ആവണംകോട് റോഡിലൂടെ എയർപോർട്ടിൽ എത്തിച്ചേരാവുന്നതാണ്. എയർപോർട്ടിൽ നിന്നും തിരികെ പോകേണ്ട വാഹനങ്ങൾക്കും ഈ റൂട്ടിലൂടെ സഞ്ചരിക്കാവുന്നതാണ്. എയർപോർട്ടിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലൂടെ വന്ന് തിരുവൈരാണിക്കുളം പാലത്തിലൂടെ കാഞ്ഞൂരിലെത്തി കാലടി ആലുവ റോഡ് ചൊവ്വര -നെടുവന്നൂർ - ആവണംകോട് റോഡിലൂടെ എയർപോർട്ടിൽ എത്തിച്ചേരാവുന്നതാണ്.