സര്‍ക്കാരിന്റെ നയം അറിയാത്തയാളല്ല ഗവര്‍ണര്‍; മറുപടിയുമായി മുഖ്യമന്ത്രി

ഉന്നതവിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്കും സര്‍ക്കാരിനും ഒരേ അഭിപ്രായമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗവർണറുടെ മനഃസാക്ഷിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യാൻ സർക്കാർ നിർബന്ധിച്ചിട്ടില്ല. വിസി നിയമനം മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് തീരുമാനിക്കുന്നതെന്ന പ്രചാരണം തെറ്റാണ്. സെർച്ച് കമ്മിറ്റി ശുപാർശകളിൽ ഗവർണർക്ക് അഭിപ്രായം രേഖപ്പെടുത്താനാകും. ഗർണറുടെ അധികാരത്തെ മാനിക്കുന്ന സർക്കാരാണിത്. ചാൻസലർ സ്ഥാനം സർക്കാർ ആഗ്രഹിച്ചിട്ടില്ല. നിലപാടിൽനിന്ന് ഗവർണർ പിന്നോട്ടുപോകുമെന്നാണു സർക്കാർ പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസമേഖലയെ കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ അടുത്ത ദിവസങ്ങളിലായി ഉയര്‍ന്നുവന്നിരിക്കുയാണ്. അത് വിശദമാക്കാനാണ് വാര്‍ത്താ സമ്മേളനം വിളിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുമ്പോള്‍ കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ ഒരുപ്രകടന പത്രിക മുന്നോട്ടുവച്ചിരുന്നു. അതില്‍ ഉന്നതവിദ്യാഭ്യാസമേഖലയിലെ ശാക്തികരണത്തെ കുറിച്ച് വിശദമായി പറഞ്ഞിരുന്നു. 

ഇപ്പോള്‍ ഗവര്‍ണര്‍ ഉന്നതവിദ്യാഭ്യാസമേഖലയില്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാരിനുള്ള അഭിപ്രായം എന്താണെന്ന് മനസിലാക്കാത്തയാളല്ല ഗവര്‍ണര്‍. എങ്കിലും ഉന്നതവിദ്യാഭ്യാസ മേഖല ഇന്നുള്ളതില്‍ നിന്ന് മുന്നോട്ടുപോകണം, കൂടുതല്‍ സ്വാംശീകരിക്കണമെന്നകാര്യത്തില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഒരേ അഭിപ്രായമാണ്. ഇപ്പോള്‍ എല്ലാം തികഞ്ഞു എന്നഭിപ്രായം സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. അതിന്റെ ഭാഗമായി സ്‌റ്റേറ്റ് അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇത് സംസ്ഥാന തലത്തില്‍ ഗ്രേഡിങ് നല്‍കുന്ന സംവിധാനമാണ്. എന്‍ഐആര്‍എഫിന്റെ മാതൃകയില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാനങ്ങളെ റാങ്ക് ചെയ്യുന്ന കെഐആര്‍എഫ് സംവിധാനം തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനങ്ങളെ തെരഞ്ഞെടുക്കാനും സഹയാകമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രയോഗത്തില്‍ വരുമ്പോള്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായെന്ന് വരാം. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പലകാര്യങ്ങളിലും കത്തുകളിലൂടെയും മറ്റും ആശയവിനിമയം നടത്താറുണ്ട്. അത് സാധാരണപക്രിയയാണ്. എന്നാല്‍ ഇപ്പോള്‍ വ്യത്യസ്തമായി ചിലത് സംഭവിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്തവരുന്നു. തെറ്റിദ്ധാരണ സൃഷ്ടിക്കുന്നവിധത്തില്‍ അത് മാധ്യമങ്ങള്‍ പൊതുജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങളോട് നേരില്‍ സംവദിക്കാന്‍ തയ്യാറായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

24 മണിക്കൂർ പോലും കോളജിൽ പഠിപ്പിച്ചിട്ടില്ലാത്തവരെ വിസിയാക്കിയ ചരിത്രം ചിലർക്കുണ്ട്. അവരെല്ലാം ഇപ്പോൾ വിദ്യാഭ്യാസ ഗുണനിലവാരം തകർന്നെന്ന് വിലപിക്കുകയാണ്. ഇപ്പോൾ വിസിമാരെ നിയമിക്കുന്നത് കൃത്യമായ ചട്ടങ്ങൾ പാലിച്ചാണ്. പുതുതായി വിസിമാരായി നിയമിക്കപ്പെട്ടവർ അക്കാദമിക് പശ്ചാത്തലമുള്ള വിദഗ്ധരാണ്. ഇതില്‍ രാഷ്ട്രീയ ഇടപെടൽ ആരോപിക്കുന്നത് വസ്തുതകൾക്ക് വിരുദ്ധമാണ്. ഇത്തരം പ്രചാരണങ്ങളിൽ ഗവർണറും വീണുപോകുന്നത് ദൗർഭാഗ്യകരമാണ്– മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com