പോത്തൻകോട് യുവാവിന്റെ കാൽ വെട്ടിമാറ്റി കൊലപ്പെടുത്തിയ സംഭവം; ഒരാൾ കസ്റ്റഡിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2021 08:29 AM  |  

Last Updated: 12th December 2021 08:29 AM  |   A+A-   |  

tvm_attack

വെട്ടിയെടുത്ത കാലുമായി പോകുന്ന അക്രമികള്‍/സിസിടിവി ദൃശ്യം

 

തിരുവനന്തപുരം: പോത്തൻകോട് അക്രമി സംഘം വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. കൊലയാളി സംഘാം​ഗമായ ഓട്ടോ ഡ്രൈവർ രഞ്ജിത്ത് (28) ആണ് പിടിയിലായത്. പുലർച്ചെ രണ്ട് മണിയോടെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തിയത്. കണിയാപുരം സ്വദേശിയായ രഞ്ജിത്തിനെ വഞ്ചിയൂരിലെ ഭാര്യ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. 

ഓട്ടം വിളിച്ചപ്പോൾ പോയി എന്നാണ് രഞ്ജിത്തിന്റെ മൊഴി. സംഘത്തിലെ മറ്റ് പ്രതികളേയും തിരിച്ചറിഞ്ഞു. ഇവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. 

പോത്തൻകോട് കല്ലൂർ സ്വദേശി സുധീഷാണ് (35) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. 

ബൈക്കിലും ഓട്ടോയിലുമായി എത്തിയ പന്ത്രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഘത്തെ കണ്ട് വീട്ടിലേക്ക് ഓടിക്കയറിയ സുധീഷിനെ പിന്തുടർന്നെത്തി വെട്ടുകയായിരുന്നു. സുധീഷിന്റെ കാൽ വെട്ടിമാറ്റി റോഡിലെറിഞ്ഞു. പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. സുധീഷിന്റെ ശരീരത്തിൽ നൂറിലേറെ വെട്ടുകളുണ്ട്. 

ഗുണ്ടാ സംഘത്തെ ഭയന്നു ബന്ധു വീട്ടിലേക്കാണ് സുധീഷ് ഓടിക്കയറിയത്. വീടിന്റെ ജനലുകളും വാതിലുകളും തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷമായിരുന്നു ആക്രമണം. സുധീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു.