ഹണി ട്രാപ്പ്; വയോധികനൊപ്പം ചിത്രം പകർത്തി ലക്ഷങ്ങൾ തട്ടി; സ്വർണ മോതിരം, റൈസ് കുക്കറും അടിച്ചുമാറ്റി; പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2021 11:08 AM  |  

Last Updated: 12th December 2021 11:08 AM  |   A+A-   |  

arrest

സിന്ധു, അരുൺ കൃഷ്ണൻ, മിഥു

 

പത്തനംതിട്ട: ഭൂമി വിൽപ്പനയുടെ പേരിൽ ഹണി ട്രാപ്പിൽപ്പെടുത്തി വയോധികനിൽ നിന്ന് പണം തട്ടിയെന്ന കേസിൽ മൂന്ന് പേർ പിടിയിൽ. അടൂർ ചേന്നംപള്ളിൽ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം കൂട്ടുവാളക്കുഴിയിൽ സിന്ധു (41), പന്തളം കുരമ്പാല തെക്ക് സാഫല്യത്തിൽ മിഥു (25), പെരിങ്ങനാട് കുന്നത്തുകര അരുൺ നിവാസിൽ അരുൺ കൃഷ്ണൻ (32) എന്നിവരാണ് അറസ്റ്റിലായത്. 

വയോധികനോട് അടുത്തിടപഴകി, അശ്ലീലമെന്നു തോന്നിക്കുന്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. 2,18000 രൂപയും അരപ്പവന്റെ മോതിരവും റൈസ് കുക്കറുമാണ് സംഘം തട്ടിയെടുത്തത്.

പന്തളം മുടിയൂർക്കോണം സ്വദേശിയായ വയോധികന്റെ മക്കൾ ഭൂമി വിൽപ്പനയ്ക്കായി അച്ഛന്റെ ഫോൺ നമ്പർവെച്ച് പരസ്യം നൽകിയിരുന്നു. ഈ ഫോൺ നമ്പരിലാണ്, സിന്ധു വസ്തു വാങ്ങാനെന്ന വ്യാജേന പലതവണ വയോധികനെ ബന്ധപ്പെട്ടത്. മക്കൾ ജോലിസ്ഥലത്തായിരുന്നു. വയോധികൻ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. നംവംബർ ആദ്യ ആഴ്ചയിൽ വീട്ടിലെത്തി സാഹചര്യങ്ങൾ മനസ്സിലാക്കി. ഡിസംബർ ഏഴിന് ഉച്ചയ്ക്ക് 2.30ന് സ്ഥലം കാണാനെന്ന വ്യാജേന മിഥുവിനൊപ്പം കാറിൽ വീണ്ടും വീട്ടിലെത്തി. വീട്ടിൽക്കടന്ന സിന്ധു വയോധികനൊപ്പമുള്ള ചിത്രങ്ങൾ മിഥുനെക്കൊണ്ട് എടുപ്പിച്ചു. ഇത് കാണിച്ചായിരുന്നു ഭീഷണിയും പണം തട്ടലുമെന്ന് പൊലീസ് പറഞ്ഞു.

ചിത്രങ്ങൾ പുറത്തുവിടുമെന്നും പൊലീസിൽ അറിയിച്ച് ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പണവും മോതിരവും തട്ടിയെടുത്തത്. ഡിസംബർ ഏഴിന് വീട് മുഴുവൻ പരിശോധന നടത്തി സ്വർണമോതിരം കൈക്കലാക്കി. 13 ലക്ഷം രൂപ വേണമെന്നായിരുന്നു ആവശ്യം. ഇല്ലെന്നറിയിച്ചപ്പോൾ ബാങ്ക് പാസ് ബുക്ക് കണ്ടെടുത്ത് ഇതിലുള്ള രണ്ട് ലക്ഷം രൂപ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇവർ വന്ന കാറിൽത്തന്നെ പന്തളത്തുള്ള ബാങ്കിലെത്തി ഒന്നരലക്ഷം രൂപ പണമായി എടുത്തു. 50,000 രൂപ സിന്ധുവിന്റെ അക്കൗണ്ടിലേക്കും മാറ്റി. 

ഡിസംബർ ഒൻപതിന് പൊലീസുകാരനെന്ന് ധരിപ്പിച്ച് അരുൺകുമാറിനെയും കൂട്ടി സിന്ധു വീണ്ടും വീട്ടിലെത്തി. പ്രശ്നം ഒത്തുതീർപ്പാക്കാനാണെന്ന് പറഞ്ഞ് ബാങ്കിലുണ്ടായിരുന്ന 18,000 രൂപയും മൂന്ന് ലക്ഷം രൂപയുടെ ചെക്കും ഒപ്പിട്ടുവാങ്ങി സ്ഥലംവിട്ടു. പത്താം തീയതി വീണ്ടും മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ട് വിളി തുടങ്ങി. ഇതിനിടെ വയോധികൻ മകനെ വിവരം അറിയിച്ചിരുന്നു. വൈകീട്ട് നാലരയോടെ പണം നൽകാമെന്നു പറഞ്ഞ് സിന്ധുവിനെ വീട്ടിൽ വിളിപ്പിച്ച് പന്തളം പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.