നെടുമ്പാശ്ശേരിയിലെത്തിയ നാലുപേര്‍ക്ക് കോവിഡ്; സാമ്പിളുകള്‍ ഒമൈക്രോണ്‍ പരിശോധനയ്ക്ക് അയച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th December 2021 02:46 PM  |  

Last Updated: 13th December 2021 02:55 PM  |   A+A-   |  

omicron testing

ചിത്രം : പിടിഐ

 

കൊച്ചി: വിദേശത്തു നിന്നും നെടുമ്പാശ്ശേരിയിലെത്തിയ നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെതര്‍ലാന്‍ഡ്‌സില്‍ നിന്നെത്തിയ രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനും കോവിഡ് ബാധയുണ്ടെന്ന് കണ്ടെത്തി. ദുബായില്‍ നിന്നെത്തിയ യാത്രക്കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇവരുടെ സ്രവ സാംപിളുകള്‍ ഒമൈക്രോണ്‍ പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നെടുമ്പാശേരിയിലെത്തിയ ഒരാള്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. ഇംഗ്ലണ്ടില്‍ നിന്നെത്തിയ 39 കാരനായ എറണാകുളം സ്വദേശിക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. 

വിമാനത്താവളത്തില്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ക്ക് കോവിഡ് നെഗറ്റീവായിരുന്നു. ഹൈ റിസ്‌ക് രാജ്യത്ത് നിന്ന് വന്നതിനാല്‍ സ്രവം കൂടുതല്‍ പരിശോധനക്കായി അയച്ചു. തുടര്‍ന്നാണ് ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്. 

രോഗിയുമായി സമ്പര്‍ക്കത്തിലുള്ള ഭാര്യക്കും അമ്മക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒമൈക്രോണ്‍ പരിശോധനക്കായി ഇവരുടെ സാംപിളുകളും അയച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തും ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം കര്‍ശനമാക്കി. ഒമൈക്രോണ്‍ കണ്ടെത്തിയ യുവാവിനൊപ്പം സഞ്ചരിച്ച സഹയാത്രികരോട് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.